വരുന്നത് പെരുമഴ; കാസര്‍കോട് അടക്കം 10 ജില്ലകളില്‍ ഇന്ന് തീവ്രമഴ മുന്നറിയിപ്പ്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം കനക്കുന്നു. 10 ജില്ലകളില്‍ ഇന്ന് തീവ്ര മഴ മുന്നറിയിപ്പു പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത. നാല് ദിവസം കൂടി ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. കാലാവസ്ഥ മോശമായതിനാല്‍ കേരള തീരത്ത് നിന്ന് മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ തീവ്ര മഴ മുന്നറിയിപ്പുണ്ട്. നിലവില്‍ തെക്കന്‍ തമിഴ്നാട് തീരത്തോട് ചേര്‍ന്ന് ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയും ഇന്ന് ന്യൂനമര്‍ദമായി ശക്തിപ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴയുടെ തീവ്രത വര്‍ധിക്കാനാണ് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍ മലയോര മേഖലകളിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. വൈകുന്നേരം 4നും 04.30 നും ഇടയിലായി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകള്‍ മുഴങ്ങും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page