കേന്ദ്ര സർവകലാശാലയിലെ വന്ദേമാതര വിവാദം; അഞ്ച് വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിച്ചു, വിദ്യാർത്ഥികൾക്ക് ഇന്നുമുതൽ ക്ലാസുകളിൽ ഹാജരാകാം

കാസർ​കോട്: പെരിയ കേരള കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം വിവാദവുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്ത അഞ്ച് വിദ്യാർഥി നേതാക്കളുടെ സസ്പെൻഷൻ ഉപാധികളോടെ പിൻവലിച്ചു. അന്വേഷണ സമിതിയുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർവകലാശാല അധികൃതരുടെ നടപടി. സസ്പെൻഷൻ പിൻവലിച്ചുകൊണ്ടുള്ള ഉത്തരവ് വെളളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഇന്നുമുതൽ വിദ്യാർഥികൾക്ക് ക്ലാസിൽ ഹാജരാകാം.
എസ്എഫ്ഐ കേന്ദ്ര സർവകലാശാല യൂണിറ്റ് സെക്രട്ടറി എസ് സയ്യിദ് അലി, എസ്എഫ്ഐ സെക്രട്ടേറിയറ്റ് അംഗം വി ബി ആവേദ്, എൻഎസ്‌യു നേതാവ് യാസീൻ, എംഎസ്എഫ് നേതാക്കളായ ഷബീർ, തഖിയുദ്ദീൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തിരുന്നത്. വിദ്യാർഥി നേതാക്കളെ സസ്പെൻഡ് ചെയ്തതിനെ തുടർന്ന് തുടർ സമരങ്ങളുടെ വേദിയായി സർവകലാശാല ക്യാമ്പസ് മാറിയിരുന്നു. ഈ മാസം എട്ടിനാണ് വന്ദേമാതരം വിവാദവുമായി ബന്ധപ്പെട്ട് അഞ്ച് വിദ്യാർഥി നേതാക്കളെ സർവകലാശാല അനിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്തത്. ഇതിനെത്തുടർന്ന് ക്യാമ്പസിൽ വിദ്യാർഥി പ്രതിഷേധം ശക്തമായിരുന്നു. സസ്പെൻഷൻ നടപടിയെക്കുറിച്ച് അന്വേഷിക്കാൻ ആദ്യം രൂപീകരിച്ച സമിതിയിൽ പ്രോക്ടർ പ്രൊഫസർ ശ്രീകുമാറിനെ ഉൾപ്പെടുത്തിയതിനെതിരെ വിദ്യാർഥികൾ പ്രതിഷേധിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തെ സമിതിയിൽനിന്ന് മാറ്റുകയും പുതിയ അന്വേഷണ സമിതി രൂപീകരിക്കുകയും ചെയ്തു. ഈ സമിതിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണ് ഇപ്പോൾ സസ്പെൻഷൻ പിൻവലിച്ചിരിക്കുന്നത്. ക്യാമ്പസിൽ സമാധാനവും അച്ചടക്കവും പാലിക്കണമെന്നും അന്വേഷണം നടപടികളുമായി പൂർണമായി സഹകരിക്കണമെന്നും വിദ്യാർത്ഥികൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page