പ്രമുഖ തമിഴ് സിനിമാ പിന്നണി ഗായകന്‍ കൃഷ്ണരാജ് അന്തരിച്ചു

ചെന്നൈ: പ്രമുഖ തമിഴ് സിനിമാ പിന്നണി ഗായകന്‍ കൃഷ്ണരാജ് അന്തരിച്ചു. 72 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം സംഭവിച്ചത്. തമിഴ് ചലച്ചിത്ര സംഗീത ശാഖയില്‍ നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ഗായകനാണ് കൃഷ്ണരാജ്. തമിഴ്, തെലുങ്ക് ഭാഷകളിലായി മുന്നൂറിലധികം ചിത്രങ്ങളില്‍ അദ്ദേഹം പാടിയിട്ടുണ്ട്. പ്രശസ്ത സംഗീത സംവിധായകരായ ഇളയരാജ, ദേവ, വിദ്യാസാഗര്‍, എ.ആര്‍. റഹ്‌മാന്‍ തുടങ്ങിയവരുടെ കീഴില്‍ ശ്രദ്ധേയമായ നിരവധി ജനപ്രിയ ഗാനങ്ങള്‍ ആലപിച്ചു. 1951 ഡിസംബര്‍ 25 ന് തമിഴ്നാട്ടിലെ സേലം ജില്ലയിലെ വെമ്പടിതാലം എന്ന ഗ്രാമത്തിലാണ് കൃഷ്ണ രാജ് ജനിച്ചത്. വെമ്പടിതാലത്ത് സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം കൃഷ്ണ രാജ് പിന്നീട് നെയ്ത്ത് വ്യവസായത്തില്‍ ജോലി ആരംഭിച്ചു. അതിനിടെ സംഗീത ഉപകരണങ്ങള്‍ പഠിക്കാനുള്ള അവസരം ലഭിച്ചു. സേലം സൗന്ദര്‍ നാടക ഗ്രൂപ്പിലും അദ്ദേഹം പ്രവര്‍ത്തിച്ചു. വെള്ളരിക്ക പിഞ്ചു വെള്ളരിക്കയിലൂടെയാണ് കൃഷ്ണ രാജ് ശ്രദ്ധേയനായത്. അജിത്തിന്റെ 1996-ല്‍ പുറത്തിറങ്ങിയ ചിത്രം കാതല്‍ കോട്ടൈയും പാടി.
1997ല്‍ പുറത്തിറങ്ങിയ പോര്‍ക്ക്കാലം എന്ന ചിത്രത്തിലെ തഞ്ചാവൂരു മന്നു എടുത്തു എന്ന ഗാനത്തിന് മികച്ച പിന്നണി ഗായകനുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടി. മുന്‍ സിംഗപ്പൂര്‍ പ്രസിഡന്റ് എസ്.ആര്‍. നാഥന്റെ പ്രശംസയും ഈ ഗാനത്തിന് ലഭിച്ചു. പിന്നീട് 2016-ല്‍ നാഥന്റെ ശവസംസ്‌കാര ചടങ്ങില്‍ ഈ പാട്ട് വച്ചു. അദ്ദേഹത്തിന്റെ വേര്‍പാടില്‍ തമിഴ് ചലച്ചിത്ര ലോകത്തെ പ്രമുഖരും സംഗീത സംവിധായകരും ആരാധകരും അനുശോചനം രേഖപ്പെടുത്തി. സംഗീത ലോകത്തിനും തമിഴ് സിനിമാ മേഖലയ്ക്കും അദ്ദേഹത്തിന്റെ വേര്‍പാട് വലിയ നഷ്ടമാണെന്ന് പ്രമുഖര്‍ അനുസ്മരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page