പയ്യന്നൂര്‍: പിലാത്തറയിലെ സ്വര്‍ണം പൊട്ടിക്കല്‍ കേസില്‍ മുഖ്യ പ്രതികള്‍ മൈസൂരുവില്‍ പിടിയില്‍. സായൂജ് പി, ജിഷ്ണു വി, സുന്ദരന്‍ എം എന്നിവരാണ് പിടിയിലായത്. പയ്യന്നൂര്‍ പൊലീസ് പ്രതികളെ പിടികൂടിയത്. നേരത്തെ പ്രാദേശിക ബിജെപി നേതാവും കണ്ണൂര്‍ അഞ്ചാംപീടിക സ്വദേശിയുമായ സനു സന്തോഷി(42)നെ കേസില്‍ അറസ്റ്റുചെയ്തിരുന്നു. പ്രതികളെ കണ്ണൂരിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും.
കഴിഞ്ഞ ജൂണ്‍ മാസം രണ്ടിനാണ് മഹാരാഷ്ട്ര സ്വദേശികള്‍ സഞ്ചരിച്ച കാര്‍ ആക്രമിച്ച് സ്വര്‍ണവും 55 ലക്ഷം രൂപയും കവര്‍ന്ന സംഭവം നടന്നത്. മഹാരാഷ്ട്ര സ്വദേശി കുമാര്‍ ജലന്ധര്‍ നിഗമിന്റെ പരാതിയിലാണ് കേസെടുത്തത്. കാര്‍ തടഞ്ഞുവെച്ച് ആക്രമിച്ചാണ് പണവും സ്വര്‍ണവും കവര്‍ന്നത്. പരാതിക്കാരന്റെ ഭാര്യയുടെ ബാഗില്‍ ഉണ്ടായിരുന്ന 25 ഗ്രാം സ്വര്‍ണം നഷ്ടപ്പെട്ടിരുന്നു. പിന്നീട് പിലാത്തറ കോ. ഓപ്പറേറ്റീവ് കോളേജിന് സമീപത്താണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാര്‍ കണ്ടെത്തിയത്. കാറിനകത്തുണ്ടായിരുന്ന വസ്ത്രങ്ങള്‍ താഴെ വലിച്ചെറിഞ്ഞ നിലയിലായിരുന്നു. കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനാണ് സംഭവം ആദ്യം കണ്ടത്. തുടര്‍ന്ന് വിവരം പരിയാരം പൊലീസില്‍ അറിയിക്കുകയായിരുന്നു.









