കൊല്ലം: മീനൂട്ടിക്കൊരു കുഞ്ഞ് അണ്ണാനുണ്ട്. ദിവസവും രാവിലെ ഉണര്‍ന്നെണീറ്റാലുടന്‍ മീനൂട്ടി ഓടിയെത്തുന്നതു തന്റെ കൂട്ടികാരിയായ അണ്ണാന്‍ കുഞ്ഞിനടുത്താണ്. അണ്ണാന്‍ കുഞ്ഞ് അപ്പോള്‍ മീനൂട്ടി തലേന്നാള്‍ ഉറക്കാന്‍ കിടത്തും മുമ്പ് കൂട്ടികാരിയായ അണ്ണാന്‍ കുഞ്ഞിനെ പുതപ്പിച്ചു വച്ച തുണിക്കഷണങ്ങള്‍ക്കുള്ളില്‍ ഉറങ്ങുകയാവും. അണ്ണാന്‍ കുഞ്ഞാണ് ആദ്യം ഉണരുന്നതെങ്കില്‍ അതു ഓടിവന്നു മീനൂട്ടിയുടെ കിടക്കയില്‍ കയറി ചിലക്കും. മീനൂട്ടി, എഴുന്നേല്‍ക്കൂ, നേരം പുലര്‍ന്നതറിഞ്ഞില്ലേ, സ്‌കൂളില്‍ പോകേണ്ടേ എന്നൊക്കെയാണ് അതു പറയുന്നതെന്നു മീനൂട്ടി തിരിച്ചറിയുന്നു. ആദ്യം ഉണര്‍ന്നതു താനാണെങ്കില്‍ അങ്ങനെതന്നെയാണ് അണ്ണാന്‍ കുഞ്ഞിനോടും ചോദിക്കുന്നതെന്ന് മീനൂട്ടി ഓര്‍ത്തു.
കൊല്ലം ജില്ലയിലെ ഇടമുളയ്ക്കല്‍ പഞ്ചായത്തിലെ ഇടയത്താണ് മീനു എന്ന നക്ഷത്രയും സഹോദരന്‍ അമ്പാടി എന്ന നീരജും അച്ഛന്‍ ലിനുവും അമ്മ അഫ്‌നയും താമസം. ശാന്തമായ ഗ്രാമാന്തരീക്ഷമാണ്. ഫലവൃക്ഷങ്ങളും പച്ചക്കറികളും നിറഞ്ഞ പരിസരം. മുറ്റത്ത് ചിട്ടയോടെ വളര്‍ത്തുന്ന പൂച്ചെടികളില്‍ രാവിലെ തേനൂറാന്‍ എത്തുന്ന കുഞ്ഞുകുരുവികള്‍. അവയുടെ കലപിലകള്‍.
നക്ഷത്രയുടെ അച്ഛന്‍ ലിനു കൊല്ലം ജില്ലയിലെ പ്രശസ്ത സി ബി എസ് ഇ സ്‌കൂളായ കരവാളൂര്‍ ഓക്‌സ്‌ഫോഡ് സീനിയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകനാണ്. സഹോദരന്‍ നീരജ് അതേ സ്‌കൂളില്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്നു. നക്ഷത്രയും അതേ സ്‌കൂളിലാണ്. ഒന്നാം ക്ലാസില്‍.
സ്‌കൂളിലെ തിരക്കുകള്‍ മൂലം പിതാവ് രാവിലെ സ്വന്തം കാറില്‍ സ്‌കൂളില്‍ പോകും. വൈകിട്ട് മടങ്ങാനും താമസിക്കും. നീരജും നക്ഷത്രയും സ്‌കൂള്‍ ബസിലാണ് സ്‌കൂളിലേയ്ക്കു പോകുന്നതും മടങ്ങുന്നതും. മരങ്ങള്‍ക്കും ചെടികള്‍ക്കുമൊക്കെ നടുവിലൂടെ ഓടുന്ന ബസില്‍ പ്രകൃതി ഭംഗി ആസ്വദിച്ചും പാട്ടുപാടിയും സ്വപ്‌നങ്ങള്‍ കണ്ടുമൊക്കെയുള്ള യാത്ര അവര്‍ക്ക് രസമാണ്. മറ്റു കുട്ടികളും ഇവയില്‍ സന്തോഷിക്കുന്നു.

ഒരു ദിവസം ലിനു സ്‌കൂളില്‍ നിന്നു മടങ്ങുമ്പോള്‍ ഒരു മരക്കൊമ്പില്‍ നിന്ന് ഒരു അണ്ണാന്‍ കുഞ്ഞു നിലത്തു വീണു. കാര്‍ പെട്ടെന്നു നിറുത്തിയതു കൊണ്ട് അണ്ണാന്‍ കുഞ്ഞു ഭാഗ്യത്തിനു രക്ഷപ്പെട്ടു. കാറില്‍ നിന്നു പെട്ടെന്നു പുറത്തിറങ്ങിയ ലിനു വീഴ്ചയില്‍ ക്ഷീണം പറ്റി തളര്‍ന്നു കിടന്ന അണ്ണാന്‍ കുഞ്ഞിനെയുമെടുത്തു വീട്ടില്‍ എത്തി.
അണ്ണാന്‍ കുഞ്ഞിനെ കണ്ട മീനൂട്ടിക്ക് വലിയ സന്തോഷമായി. പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷത്തോടെ അവള്‍ അണ്ണാന്‍ കുഞ്ഞിനെ തലോടി. അണ്ണാന്‍ കുഞ്ഞിന്റെ മുതുകിലുള്ള മൂന്നു വെളുത്ത വരകളില്‍ വിരലുകള്‍ ചേര്‍ത്തു വച്ച് നക്ഷത്ര അതിനെ തടവി ലാളിച്ചു.
തനിക്കു വച്ചിരുന്ന പാലില്‍ ഒരു ഭാഗമെടുത്തു അണ്ണാന്‍ കുഞ്ഞിനു കൊടുത്തെങ്കിലും അതു കുടിക്കാന്‍ അണ്ണാന്‍ കുഞ്ഞു പ്രയാസപ്പെട്ടു. നക്ഷത്ര അച്ഛനോടും അമ്മയോടും സങ്കടം പറഞ്ഞു. അച്ഛന്‍ ഒരു ഫില്ലര്‍ തരപ്പെടുത്തിക്കൊടുത്തു. അമ്മ തന്നെ ലാളിക്കുകയും തലോടുകയും ചെയ്യുന്നപോലെ മീനുവും അണ്ണാന്‍ കുഞ്ഞിനെ പരിലാളിച്ചു. അണ്ണാന്‍ കുഞ്ഞു മീനുവിനും, മീനു അണ്ണാന്‍ കുഞ്ഞിനും അത്രയ്ക്കു പ്രിയപ്പെട്ടവരാണിപ്പോള്‍. സ്‌കൂളില്‍ പോകും മുമ്പും സ്‌കൂളില്‍ നിന്നു തിരിച്ചെത്തിയാലുടനെയും മീനൂട്ടി കൂട്ടുകാരിക്ക് പാലും പഴവും മറ്റും നല്‍കും. ഫില്ലറില്‍ നിറച്ച് അണ്ണാന്‍ കുഞ്ഞിന്റെ വായില്‍ ഫില്ലറിന്റെ മറ്റേ അറ്റം കാണിക്കേണ്ട താമസം അണ്ണാന്‍ കുഞ്ഞ് ഫില്ലര്‍ പിടിച്ചു വായില്‍ വയ്ക്കും. മീനു ഫില്ലര്‍ പതുക്കെ അമര്‍ത്തിക്കൊടുക്കും. അണ്ണാന്‍ കുഞ്ഞ് മതിയാവും വരെ പാല്‍ കുടിക്കും.
ചില നേരങ്ങളില്‍ മീനൂട്ടിക്കു തമാശ വരുമ്പോള്‍ ഫില്ലര്‍ അല്‍പ്പാല്‍പ്പം മേലോട്ടുയര്‍ത്തും. അതനുസരിച്ച് അണ്ണാന്‍ കുഞ്ഞു മനുഷ്യന്‍ നില്‍ക്കുന്നതുപോലെ നിവര്‍നിന്നു പാല്‍ കുടിക്കും. മീനൂട്ടിക്കും അണ്ണാന്‍ കുഞ്ഞിനും അതു രസമാണ്. പാലു കുടിച്ചു കഴിഞ്ഞാല്‍ മീനൂട്ടിയുടെ പാവാടയില്‍ പിടിച്ചു അണ്ണാന്‍ കുഞ്ഞു കയറും. എന്നിട്ടു മീനൂട്ടിയുടെ തോളിലും തലയിലും കയറിയിരിക്കും. മീനൂട്ടി ആനന്ദം കൊണ്ടു തുള്ളിച്ചാടി നൃത്തച്ചുവടുകള്‍ വയ്ക്കും. അപ്പോള്‍ അണ്ണാന്‍ കുഞ്ഞു വിചാരിക്കുമത്രേ താനും മീനൂട്ടിയും ചേര്‍ന്നു ഡാന്‍സുകളിക്കുകയാണെന്ന്. അണ്ണാന്‍ കുഞ്ഞ് അങ്ങനെയാണ് പറയുന്നതെന്ന്. അതിന്റെ ചിലക്കലില്‍ നിന്നു മീനൂട്ടി മനസ്സിലാക്കുമ്പോള്‍ തന്റെ തലയില്‍ നിന്ന് അണ്ണാന്‍ കുഞ്ഞിനെ എടുത്തു തറയില്‍ വയ്ക്കും.

മീനൂട്ടി ഓരോന്നു പറയുമ്പോള്‍ അണ്ണാന്‍ കുഞ്ഞു ചിലക്കും. അവര്‍ പറയുന്നതു ഇരുവര്‍ക്കും മനസ്സിലാവുന്നുണ്ടായിരിക്കും.
അണ്ണാന്‍ കുഞ്ഞ് ഇപ്പോള്‍ വീട്ടിലെ ഒരംഗത്തോപ്പോലെയാണ്. എപ്പോഴും വീട്ടിനുള്ളില്‍ ചിലച്ചുകൊണ്ട് ഓടി നടക്കും. അണ്ണാന്‍ കുഞ്ഞിനെ കൂട്ടിലിടാറേ ഇല്ല. മാത്രമല്ല, അതിനു കൂട് ഏര്‍പ്പെടുത്തിയിട്ടുമില്ല.
രാത്രി ഉറങ്ങും മമ്പ് മീനു കരുതിവച്ച തുണിക്കഷണങ്ങള്‍ ചുറ്റി കട്ടിലിനടുത്തു അണ്ണാന്‍ കുഞ്ഞിനെ ഉറക്കും.
എന്നെങ്കിലും ഒരിക്കല്‍ മറ്റ് അണ്ണാനുകളെ കാണുമ്പോള്‍ അണ്ണാന്‍ കുഞ്ഞ് അവരുടെ കൂടെ പോയാലോ എന്ന സംശയത്തിന് മീനൂട്ടിക്ക് വിഷമമൊന്നുമില്ല. ഇപ്പോഴും മുറ്റത്തൊക്കെ അതിറങ്ങാറുണ്ട്. കുറച്ചു സമയം അവിടെയൊക്കെ ഓടിനടന്നിട്ടു വീട്ടിലെത്തുന്നു. വളരുമ്പോള്‍ മറ്റുള്ള അണ്ണാനുകള്‍ക്കൊപ്പം പോയാലും വല്ലപ്പോഴുമൊക്കെ തന്നെ കാണാന്‍ വരാതിരിക്കില്ലെന്നു മീനൂട്ടി പ്രതീക്ഷിക്കുന്നു.








