കണ്ണൂര്‍: നടാല്‍ ദേശീയപാതയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ ഷബീര്‍ താണ അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 5 മണിയോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഈമാസം 15 രാത്രിയിലാണ് അപകടം നടന്നത്. അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന ചാലാട് സ്വദേശിയായ ജനകീയ വ്ലോഗര്‍ ശിവത്തില്‍ അനൂപ് നേരത്തെ തന്നെ മരിച്ചിരുന്നു. മാഹിയിലെ പള്ളിപ്പെരുന്നാള് ചിത്രീകരിക്കാന്‍ സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുമ്പോഴായിരുന്നു അപകടം. നടാലില്‍ ദേശീയപാതയിലൂടെ സഞ്ചരിക്കുകയായിരുന്ന ബൈക്കില്‍ നിയന്ത്രണം വിട്ടുപാഞ്ഞെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് കാര്‍ ഡിവൈഡറില്‍ ഇടിച്ചശേഷം ബൈക്കില്‍ തട്ടുകയും, അനൂപും ഷബീറും സര്‍വീസ് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ബൈക്കിന് മുകളിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അനൂപ് മരിച്ചിരുന്നു.








