കള്ളനെ പേടിച്ച് സ്വർണം സൂക്ഷിച്ചത് അലമാരയ്ക്ക് മുകളില്‍; പണി പാളി, ഏഴ് പവൻ മോഷണം പോയി

പാലക്കാട്: കള്ളനെ പേടിച്ച് വീട്ടിലെ അലമാരയ്ക്ക് മുകളില്‍ സൂക്ഷിച്ച ഏഴ് പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി. പാലക്കാട് കപ്പൂര്‍ കൊള്ളന്നൂര്‍ കൂവപ്പടി വീട്ടില്‍ ഹംസയുടെ വീട്ടിലാണ് മോഷണം നടന്നത്. ഞായറാഴ്ച രാത്രി ബന്ധുവിന്റെ വിവാഹ സല്‍ക്കാരത്തിന് പോയി തിരിച്ചെത്തിയപ്പോള്‍ ആണ് വീട്ടുകാര്‍ മോഷണ വിവരം അറിയുന്നത്. കൂടാതെ
അലമാരയില്‍ നിന്ന് ആയിരം രൂപയും നഷ്ടപ്പെട്ടിരുന്നു. മോഷ്ടാവ് വീടിന്റെ പൂട്ടോ വാതിലുകളും ഒന്നും തകര്‍ത്തിട്ടില്ല. ഒരാഴ്ച മുന്‍പ് വരെ ഈ സ്വര്‍ണാഭരണങ്ങള്‍ സുരക്ഷിതമായിരുന്നതായി കുടുംബം പറയുന്നു. വീടിന്റെ വാതില്‍ ചാരിയിട്ട സമയത്തോ തുറന്നിട്ട സമയത്തോ കള്ളന്‍ വീട്ടില്‍ കയറിയിരിക്കാം എന്നാണ് സംശയം. കള്ളന്റെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ അലമാരയ്ക്ക് മുകളിൽ രഹസ്യമായി സൂക്ഷിച്ചതായിരുന്നു സ്വർണം. എന്നാൽ കള്ളൻ അത് കണ്ടെത്തി മോഷ്ടിക്കുകയായിരുന്നു. വീട്ടുകാരെക്കുറിച്ച് നന്നായി അറിയുന്ന ആളായിരിക്കും മോഷണം നടത്തിയത് എന്നാണ് വിവരം. വിവരമറിഞ്ഞ് ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. വീട്ടിൽ ആളില്ലാത്ത സമയം നോക്കി മോഷണം നടത്തുന്ന സംഘം പ്രദേശത്ത് സജീവമാണോ എന്നും അന്വേഷിക്കുന്നുണ്ട്.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയതായി ചാലിശ്ശേരി പൊലീസ് അറിയിച്ചു. കപ്പൂർ, തൃത്താല മേഖലയിൽ അടുത്തിടെയായി മോഷണ ശ്രമങ്ങൾ വർധിക്കുന്നതായി നാട്ടുകാർ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page