ചെന്നൈ: സംഗീത സംവിധായകൻ ദേവയുടെ അനന്തരവനും നടനുമായ കാർത്തിക് സബേഷ് അന്തരിച്ചു. 37 വയസ്സായിരുന്നു. തിങ്കളാഴ്ച രാത്രി വൈകി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചുകാലമായി അസുഖബാധിതനായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.
ചൊവ്വാഴ്ച വൈകിട്ട് ചെന്നൈയിലെ വൽസരവാക്കം ശ്മശാനത്തിൽ സംസ്കാരച്ചടങ്ങുകൾ നടന്നു. സംഗീത സംവിധായകൻ സബേഷ് ആണ് പിതാവ്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സബേഷ് അന്തരിച്ചത്. തമിഴ് സിനിമയിലെ ഹിറ്റ് സംഗീത സംവിധായക ജോഡിയായിരുന്നു സബേഷ്- മുരളി. നിരവധി ഹിറ്റ് സിനിമകൾക്ക് ഈ കൂട്ടുകെട്ട് സംഗീതമൊരുക്കിയിട്ടുണ്ട്.
ഭാര്യ രമ്യ കാർത്തിക്കും രണ്ട് പെൺമക്കളുമടങ്ങുന്നതാണ് കാർത്തികിന്റെ കുടുംബം. ധനുഷിനൊപ്പം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് കാർത്തിക്. ‘ഡം’, ‘വല്ലവൻ’, ‘പട്ടത്തു യാനൈ’, ‘കുളിർ 100’ തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളിൽ കാർത്തിക് സബേഷ് അഭിനയിച്ചിട്ടുണ്ട്.








