‘മനോഹര ചരിത്രപ്പിറവി’ -സംസ്ഥാന ഭരണം കൈയാളുന്ന കക്ഷികളുടെ നിയമസഭാ പ്രതിനിധികള്‍ വാഴ്ത്തി. തിരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനം ചെയ്ത ഗ്യാരന്റികളില്‍ ഒരെണ്ണം കൂടി യാഥാര്‍ത്ഥ്യമാകുന്നു.
സംസ്ഥാനത്തെ മുതിര്‍ന്ന പൗരന്മാര്‍ക്ക് സംരക്ഷണ കേന്ദ്രം ഒരുക്കുന്നതിന് സംവിധാനം. അതിനായി ഒരു വകുപ്പ്. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ഇല്ലാത്തത്, മുതിര്‍ന്ന പൗരന്മാരുടെ (പരിചരണവും അവകാശ സംരക്ഷണവും) ബില്‍- നിയമസഭയില്‍ ചൊവ്വാഴ്ച അവതരിപ്പിക്കും എന്ന് തിങ്കളാഴ്ച (131026) പത്ര ദ്വാരാ അറിയിച്ചിരുന്നു. ബില്ലിലെ പ്രധാന വ്യവസ്ഥകളുടെ വിവരങ്ങളും.
ഓരോ സംരക്ഷണ കേന്ദ്രത്തിലും അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ നോഡല്‍ ഓഫീസറായി ഉണ്ടായിരിക്കും. പരിചരണ കേന്ദ്രങ്ങള്‍ക്ക് രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം. നിലവാരമുള്ള പരിചാരകന്മാര്‍, പരിശീലനം നേടിയവര്‍; യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുള്ളവര്‍ -ഓരോ കേന്ദ്രത്തിലും നിര്‍ബന്ധമായും ഉണ്ടായിരിക്കണം. വയോജനങ്ങളെ പരിചരിക്കുന്നവര്‍ക്ക് സൈബര്‍ പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക ക്ലിയറന്‍സ് സെല്‍ ഉണ്ടായിരിക്കും. പരിചരണ കേന്ദ്രത്തില്‍ പാര്‍പ്പിക്കപ്പെട്ട അന്തേവാസി ഒസ്യത്ത് (വില്‍പ്പത്രം) തയ്യാറാക്കാതെയും അവകാശികള്‍ ഇല്ലാതെയും മരണപ്പെട്ടാല്‍ അവരുടെ സ്വത്ത് സര്‍ക്കാരിന്. അല്‍ഷിമേഴ്സ്, ഡിമെന്‍ഷ്യ, പാര്‍ക്കിസെന്‍സ്, മറ്റ് നാഡീരോഗങ്ങള്‍ എന്നിവ ബാധിച്ചിട്ടുള്ള വയോജനങ്ങളെ പാര്‍പ്പിച്ച് പരിചരിക്കാനായി പ്രത്യേക കേന്ദ്രം. പുറന്തള്ളുക എന്ന ലക്ഷ്യത്തോടെ പരിചരണ കേന്ദ്രത്തിലോ, മറ്റേതെങ്കിലും സ്ഥലത്തോ വയോജനങ്ങളെ എത്തിക്കുന്നത് കുറ്റകരമാണ്. അന്തേവാസികളെ പരിചരണ കേന്ദ്രത്തിലെ ജീവനക്കാര്‍ ശാരീരികമായോ, മാനസികമായോ പീഡിപ്പിച്ചാല്‍ ശിക്ഷിക്കപ്പെടും- മൂന്നു വര്‍ഷം വരെ തടവും 50000 രൂപ പിഴയും ശിക്ഷ. നിയമാനുസൃതമുള്ള രജിസ്ട്രേഷന്‍ ഇല്ലാതെ അനധികൃതമായി പരിചരണ കേന്ദ്രം നടത്തുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവും 25,000 രൂപ പിഴയോ, രണ്ടും കൂടിയോ ശിക്ഷ.
ഇത്രയും കാര്യങ്ങളാണ് ബില്ലില്‍ ഉള്ളതായി നേരത്തേ അറിയിച്ചിട്ടുള്ളത്. ‘ വയോജനങ്ങളെ നട തള്ളിയാല്‍ മൂന്നു വര്‍ഷം തടവ്’ എന്ന് പത്രവാര്‍ത്ത. തൊട്ടു പിന്നാലെ, ‘മുതിര്‍ന്ന പൗരന്മാരെ വീട്ടുകാര്‍ ഉപേക്ഷിച്ചാല്‍ മൂന്നു വര്‍ഷം വരെ തടവും അമ്പതിനായിരം രൂപ പിഴയും ശുപാര്‍ശ ചെയ്യുന്ന ബില്‍’ എന്ന് പറയുന്നു. എന്നാല്‍ വിശദാംശങ്ങള്‍ പറഞ്ഞ കൂട്ടത്തില്‍ ഇത് കാണുന്നില്ല. നടതള്ളുക- എന്താണ് അതുകൊണ്ട് അര്‍ത്ഥമാക്കുന്നത്? നടയ്ക്ക് വയ്ക്കുക എന്നൊരു ചടങ്ങുണ്ട്. ആനയെ ദേവസ്ഥാനത്ത് സമര്‍പ്പിക്കുക- എന്നാണ് നിഘണ്ടുവില്‍ കാണുന്ന അര്‍ത്ഥം.
വയോജന സംരക്ഷണം ലക്ഷ്യമാക്കി ഒരു ബില്ല് അവതരിപ്പിച്ചു. സബ്ജക്റ്റ് കമ്മിറ്റിക്ക് വിട്ടു. കമ്മറ്റി പൊതുജനങ്ങളുടെ അഭിപ്രായം ആരായുകയും റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കുകയും ചെയ്യും. ഇന്ത്യയിലെവിടെയും ഇതുപോലൊരു നിയമം ഇല്ലാത്ത സ്ഥിതിക്ക് അഭിപ്രായ മാരായാന്‍ സംസ്ഥാനത്തിന് പുറത്ത് കമ്മിറ്റിക്ക് പോകേണ്ടിവരില്ല.
സബ്ജക്റ്റ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് നിയമ സഭയില്‍ സമര്‍പ്പിക്കും. അംഗങ്ങള്‍ ചര്‍ച്ച ചെയ്ത് വോട്ടിനിട്ട് പാസ്സാക്കും. അടുത്ത പടി ഗവര്‍ണ്ണറുടെ നിലപാട് തേടലാണ്. അദ്ദേഹം ഒപ്പിട്ടാലേ നിയമമായി വരികയുള്ളൂ. പുതിയ ഗവര്‍ണ്ണര്‍ അപ്പോഴേയ്ക്കും ചുമതല ഏറ്റെടുത്തിട്ടുണ്ടാകും.
ഇന്ത്യയുടെ സാംസ്‌ക്കാരിക പാരമ്പര്യം വയോജന സംരക്ഷണം സംബന്ധിച്ച് എന്ത് പറയുന്നു എന്ന് അന്വേഷിച്ചാലോ? മനുസ്മൃതിയുടെ ദര്‍ശനം?.
മാനവ ധര്‍മ്മശാസ്ത്രം എന്ന് വിശ്വസിക്കപ്പെടുമെന്ന മനുസ്മൃതി പ്രകാരം ആശ്രമങ്ങള്‍ നാല് -ബ്രഹ്‌മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം. വയോജനങ്ങള്‍ക്ക് ബാധകമായിട്ടുള്ളത് വാനപ്രസ്ഥവും സന്യാസവും. ഓരോ ആശ്രമവും ഏത് പ്രായത്തില്‍ അനുഷ്ഠിക്കണം എന്ന് മനു കല്‍പ്പിച്ചിട്ടുണ്ട് മനുസ്മൃതിയില്‍. വീട്ടുകാര്യങ്ങള്‍ നോക്കി നടത്താന്‍ പൗത്രന് (മകന്റെ മകന്‍) പ്രായമാകുമ്പോള്‍ മാതാപിതാക്കള്‍ക്ക് വാനപ്രസ്ഥം. വയോജനത്തിന് വീട്ടില്‍ സ്ഥാനമില്ല. കാട്ടിലേയ്ക്ക് പോയിക്കൊള്ളണം. കാട്ടില്‍ കിട്ടുന്ന ഫലമൂലാദികള്‍ (കായും കിഴങ്ങും) ആഹാരം. കാട്ടരുവികളില്‍ നിന്ന് വെള്ളം കോരിക്കുടിക്കാം. കാട്ടില്‍ ഒരിടത്തും സ്ഥിരതാമസമാക്കാന്‍ പാടില്ല. കുറേക്കാലം കഴിയുമ്പോള്‍ സന്യാസാശ്രമം.
ദ്വിജന്മാര്‍ക്ക് വിധിച്ചിട്ടുള്ളവയാണ് ഈ മൂന്ന് ആശ്രമങ്ങളും. ഗര്‍ഭാധാനം മുതല്‍ (മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ ഭ്രൂണ രൂപത്തില്‍ രൂപം കൊള്ളുന്നത് മുതല്‍) പ്രായം കണക്കാക്കുന്നു. ഗര്‍ഭാധാനം മുതല്‍ എട്ടുവയസ്സ് ആകുമ്പോള്‍ ഉപനയനം നടത്തണം. ഗര്‍ഭേ അഷ്ടമാബ്ദേകുര്‍വീത ബ്രാഹ്‌മണസ്യ ഉപനയനം ബ്രാഹ്‌മണ സന്താനത്തിന് പത്താം വയസ്സില്‍; പന്ത്രണ്ടില്‍ വൈശ്യന്. നാലാം വര്‍ണ്ണമായ ശൂദ്രന് ഉപനയനം പാടില്ല; സ്ത്രീകള്‍ക്കും. ഉപനയനത്തിനു ശേഷം വിദ്യാരംഭം. വിദ്യ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് വേദപഠനം. നസ്ത്രീ ശൂദ്രോ വേദമധീയതാം (സ്ത്രീയും ശൂദ്രനും വേദം പഠിക്കരുത്).
വയോജനങ്ങളെ എന്തു ചെയ്യണം? അവര്‍ വാനപ്രസ്ഥത്തിന് പുറപ്പെടണം എന്ന് മനുസ്മൃതി. വയോജന സംരക്ഷണ നിയമം പാസ്സാക്കുമ്പോള്‍, അത് ഭാരതീയ സാംസ്‌ക്കാരിക പാരമ്പര്യത്തിന് ചേര്‍ന്നതല്ല എന്ന് വിലക്കുമോ?
സംസ്ഥാന സര്‍ക്കാര്‍ പറയുന്നത് ശ്രദ്ധിക്കുക: വയോജനങ്ങളെ നടതള്ളുന്നവരുടെ നടുവൊടിയും: ഒടിക്കും.








