തിരുവനന്തപുരം: സംസ്ഥാനത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്പാ കേന്ദ്രങ്ങൾക്കെതിരെ പൊലീസ് ‘ഓപ്പറേഷന്‍ സ്പാ’ എന്ന പേരില്‍ അന്വേഷണം ആരംഭിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ലൈസന്‍സില്ലാത്ത മുഴുവന്‍ സ്പാകളും പൂട്ടിക്കും. സ്പാകളില്‍ നിയമവിരുദ്ധമായ കാര്യങ്ങള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കും. സ്പാകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് വ്യക്തത ഇല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. കേരളത്തിന് അകത്ത് നിന്നും പുറത്ത് നിന്നും പെണ്‍കുട്ടികളെ എത്തിച്ച് ജോലി ചെയ്യിക്കുകയും ലൈംഗികമായി ചൂഷണം ചെയ്യുന്നതായുള്ള വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങള്‍ ആള്‍ക്കാരെ സാമ്പത്തികമായി കബളിപ്പിക്കുന്നതായുള്ള വിവരം ലഭിച്ചതായും മന്ത്രി പറഞ്ഞു.
അടുത്തിടെ കളമശ്ശേരിയില്‍ സ്പാ കേന്ദ്രത്തില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തോടെയാണ് സ്പാകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതർ തയ്യാറായത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം, കോവളത്തെ സ്പായില്‍ 16 വയസ്സുള്ള ഇതര സംസ്ഥാന പെണ്‍കുട്ടിയെ ക്രൂരമായ പീഡനത്തിനിരയാക്കിയ സംഭവം പുറത്ത് വന്നിരുന്നു. പ്രസ്തുത കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
അതേ സമയം സംസ്ഥാന വ്യാപകമായി പൊലീസ് സ്പാകളിൽ നടത്തിയ റെയ്ഡിന്റെ ഭാഗമായി കാസര്‍കോട് ജില്ലയിലും റെയ്ഡ് നടത്തി. ജില്ലയിലെ 14 സ്പാകളിലാണ് റെയ്ഡ് നടത്തിയത്. എന്നാല്‍ അനധികൃതമായി ഒന്നും കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞില്ല.








