ബദിയടുക്ക: ജില്ലയിലെ തിരക്കേറിയ ടൗണുകളിൽ ഒന്നായ ബദിയടുക്കയിൽ സൗകര്യപ്രദമായ ബസ്റ്റാൻഡ് ഇല്ലാത്തത് യാത്രക്കാർക്ക് ദുരിതമാകുന്നു. ദിവസം നൂറോളം സ്വകാര്യ ബസുകളും, കെഎസ്ആർടിസിയും ഇവിടെ സർവീസ് നടത്തുന്നുണ്ട്. നിലവിലെ ബസ്റ്റാൻറ് ബസ്സുകളെ ഉൾക്കൊള്ളാൻ പ്രയാസപ്പെടുന്നു. സ്ഥല പരിമിതി മൂലം ഇടുങ്ങിയതാണ്
ബസ് സ്റ്റാൻഡ്.
കുമ്പള- ബദിയടുക്ക- മുള്ളേരിയ(സുള്ള്യ റൂട്ട്)ചെർക്കള- കല്ലടുക്ക(പുത്തൂർ റൂട്ട്) എന്നീ രണ്ട് പ്രധാന അന്തർ സംസ്ഥാന പാതകൾ കടന്നുപോകുന്ന കേന്ദ്രമാണ് ബദിയടുക്ക. കാസർകോട് ജില്ലയിലെയും, കർണാടകയിലെയും വിവിധ ഭാഗങ്ങളിൽ നിന്നായാലും ബദിയടുക്കയിൽ എത്തിച്ചേരാൻ സാധിക്കുന്നുവെ ന്നതാണ് ഈ സ്റ്റാൻഡിന്റെപ്രത്യേകത. കാസർകോട് ജില്ലയിലെ ഉക്കിനടുക്കയിൽ സ്ഥിതിചെയ്യുന്ന മെഡിക്കൽ കോളേജിലേക്കെ ത്താനും രോഗികൾ ആശ്രയിക്കുന്നതു ബദിയടുക്ക ജംഗ്ഷനെ തന്നെയാണ്. അതുകൊണ്ടുതന്നെ ബദിയടുക്ക ടൗണിൽ വലിയ തിരക്കാണ് ദിവസവും അനുഭവപ്പെടാറുള്ളത്. ഇതിനനുസരിച്ചുള്ള ഒരു ബസ് ടെർമനിലിന്റെ അഭാവം നഗരത്തിൽ വലിയ പോരായ്മയായി ചൂണ്ടിക്കാട്ടുന്നു.
ബദിയടുക്ക ടൗണിൽ ഏകദേശം 40 വർഷം പഴക്കം ചെന്ന ഒരു ബസ്റ്റാൻഡ് നേരത്തെ ഉണ്ടായിരുന്നു. വികസനപ്രതീക്ഷയിൽ അത് പൊളിച്ചു മാറ്റിയപ്പോൾ നിലവിലുണ്ടായിരുന്ന ശുചിമുറി പോലും നഷ്ടപ്പെട്ടു.ഇത് യാത്രക്കാർക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. അത്യാധുനിക രീതിയിൽ ബസ് ടെർമിനൽ പണിയുമെന്ന് പറയാൻ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടുകളായി. ഒരു ഭാഗത്തുനിന്നും ഫണ്ട് അനുവദിച്ചതുമില്ല. സൗകര്യപ്രദമായ ഒരു ബസ്റ്റാൻഡ് ബദിയടുക്കയിൽ വേണമെന്നത് നാട്ടുകാരുടെ ദീർഘകാല ആവശ്യമാണ്. ഇതിനു മുഖം തിരിച്ചു നിൽക്കുകയാണ് ഇപ്പോൾ അധികൃതർ എന്ന ആക്ഷേപവും നാട്ടുകാർക്കുണ്ട്.
ബദിയടുക്ക പോലെയുള്ള ഒരു പ്രധാന അന്തർ സംസ്ഥാന ജംഗ്ഷനിൽ വലിയൊരു ബസ്റ്റാൻഡ് (ബസ് ടെർമിനൽ) വരണമെങ്കിൽ പഞ്ചായത്തിന്റെ തനത് ഫണ്ട് കൊണ്ട് മാത്രം മതിയാവില്ലെന്ന് നാട്ടുകാർക്ക് അറിയാം.അതിന് എംപി-എംഎൽഎ ഫണ്ട് കൂടി ലഭ്യമാക്കണം. കേന്ദ്ര-സംസ്ഥാന സർക്കാർ തലത്തിൽ ഇടപെടലുകൾ ഉണ്ടാകണം. സ്വകാര്യ പങ്കാളിത്തത്തോടെ വികസന ഏജൻസികൾ വഴി യാണെങ്കിലും ഈ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാക്കാൻ നടപടി ഉണ്ടാകണമെന്നാണ് ഇപ്പോൾ നാട്ടുകാർ ആവശ്യപ്പെടുന്നത്. എന്നാൽ ഇതിന് സ്ഥലം കണ്ടെത്തുക എന്നത് പഞ്ചായത്തിന് വലിയ വെല്ലുവിളിയാണ്.
പഞ്ചായത്ത് ഇപ്പോൾ നടത്തുന്ന നീക്കം 15 ലക്ഷം രൂപയുടെ ശുചി മുറി അടങ്ങുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം പണിയാനാണ്. എന്നാൽ ബസ് ടെർമിനലിന്റെ കാര്യത്തിൽ പഞ്ചായത്തിന് വ്യക്തമായ ഒരു കാഴ്ചപ്പാടില്ല. കാരണം കോടികൾ വേണ്ടിവരുന്ന പദ്ധതിയാണിത്. ഇതിനായി ബന്ധപ്പെട്ടവരെ സമീപിച്ചുകൊണ്ടിരിക്കുകയാണ് പഞ്ചായത്ത് ഭരണസമിതി.







