ഇടുക്കി: 18കാരിയെ പീഡിപ്പിച്ച ശേഷം മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തില് ആണ് സുഹൃത്ത് അറസ്റ്റില്. ഇടുക്കി, രാജാക്കാട്, ഖജനപ്പാറ സ്വദേശി നിഷാന്തി (19)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട്, ബോഡി നായ്ക്കന്നൂര് സ്വദേശിനിയായ നിത്യ (18) കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. കൊലപാതകത്തെ കുറിച്ച് പൊലീസ് വൃത്തങ്ങള് പറയുന്നതിങ്ങനെ: “തമിഴ്നാട്ടിലാണ് നിഷാന്ത് പഠിച്ചത്. ഈ സമയത്ത് നിത്യയെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തു. തന്നെ വിവാഹം കഴിക്കണമെന്ന് നിത്യ നിരന്തരം കാമുകനായ നിഷാന്തിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്ന്നാണ് കൊലപാതകം നടത്താന് പ്രതി ഗൂഢാലോചന നടത്തിയത്. ഒക്ടോബര് 11ന് നിത്യ തമിഴ്നാട്ടില് നിന്ന് ഇടുക്കിയി ലേയ്ക്ക് യാത്ര തിരിച്ചു. വീട്ടില് തിരിച്ചെത്താത്തതിനെ തുടര്ന്ന് നിത്യയുടെകുടുംബം പൊലീസില് പരാതി നല്കി.
പൊലീസ് അന്വേഷിക്കുന്നതിനിടയിലാണ് ലോവര് പെരിയാർ, പാംബ്ല ചെക്ക് പോസ്റ്റിനു സമീപത്ത് കത്തിക്കരിഞ്ഞ നിലയില് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്., അന്വേഷണത്തില് മൃതദേഹം നിത്യയുടെതാണെന്നു തിരിച്ചറിഞ്ഞു. ഇതോടെയാണ് അന്വേഷണം നിഷാന്തിലേക്ക് തിരിഞ്ഞത്. ഇരുവരും അടുപ്പത്തിലായിരുന്നുവെന്ന് ബന്ധുക്കള് പൊലീസിനു മൊഴി നല്കി. തുടര്ന്ന് നിഷാന്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. നിത്യയെ ആണ്സുഹൃത്തായ നിഷാന്ത് ഇടുക്കിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഇടുക്കിയിലെത്തിയ യുവതി വിവാഹ ആവശ്യം വീണ്ടും ഉന്നയിച്ചു. വിവാഹത്തിന് തയ്യാറാണെന്ന് മറുപടി നല്കിയ നിഷാന്ത് യുവതിയെ പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ആളെ തിരിച്ചറിയാതിരിക്കാൻ മുഖത്ത് കല്ലിട്ട് വികൃതമാക്കി.നേരത്തെ തന്റെ ഓട്ടോ റിക്ഷയില് കരുതിവച്ചിരുന്ന പെട്രോളൊഴിച്ച് മൃതദേഹം കത്തിച്ച ശേഷം ഉപേക്ഷിക്കപ്പെട്ട ഒരു കടമുറിയുടെ പരിസരത്ത് തള്ളുകയായിരുന്നു.നാലുദിവസം പഴക്കമുള്ള മൃതദേഹം ഒക്ടോബര് 14ന് ആണ് നാട്ടുകാര് കണ്ടത്. തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതും പ്രതി അറസ്റ്റിലായതും.








