കാസര്കോട്: എസ്ഐആര് തെറ്റാണെങ്കില് മുഖ്യമന്ത്രി വിഡി സതീശന് രാജിവെക്കണമെന്നും രാജിവെയ്ക്കാന് എംഎ ബേബി വിഡി സതീശനെ ഉപദേശിക്കണമെന്നും ബിജെപി സംസ്ഥാന ജനറല്സെക്രട്ടറി ശോഭാ സുരേന്ദ്രന് പറഞ്ഞു. കാസര്കോട് മാധ്യമപ്രവര്ത്തകരോട് സംസാരിക്കുകയായിരുന്നു അവര്. എസ്ഐആര് കേരളത്തില്
നടപ്പിലാക്കിയ രത്തന് ഖേല്ക്കര് ഇന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടറിയാണ്. ഇതേ വിഡി സതീശനൊപ്പം എം എ ബേബി സമരം നടത്തുന്നത് ലജ്ജാകരമാണ്. രാജ്യത്ത് അരാജകത്വം ഉണ്ടാക്കുകയാണ് കോണ്ഗ്രസിന്റെ ശ്രമമെന്ന് അവര് പറഞ്ഞു. പിണറായി വിജയനെയും കുടുംബത്തെയും എങ്ങനെ രക്ഷിക്കാന് പറ്റുമെന്ന ആലോചനയിലും നടപടിയിലുമാണ് മുഖ്യമന്ത്രി. ആഭ്യന്തരമന്ത്രി ഉള്പ്പെടെയുള്ളയുള്ളവരും പിണറായിയെ രക്ഷിക്കാനുള്ള പരിശ്രമത്തിലാണെന്ന് ശോഭാ സുരേന്ദ്രന് ആരോപിച്ചു. കഴിഞ്ഞ 10 വര്ഷം ആഭ്യന്തരം കൈകാര്യം ചെയ്ത പിണറായി വിജയന്റെ കയ്യില് കോണ്ഗ്രസിനെ ഭയപ്പെടുത്തുന്ന പലരേഖകളുമുണ്ടെന്നാണ് ഇതില് നിന്ന് വ്യക്തമാകുന്നത്. പ്രതിപക്ഷ നേതാവിനെതിരെ കേസെടുക്കാന്വേണ്ടി ദിവസങ്ങള് കാത്തുനില്ക്കേണ്ടിവന്നു. ഇതോടെ കേരളത്തില് ഭരണ മുന്നണിയും പ്രതിപക്ഷവും രണ്ടല്ല, ഒന്നാണെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. ഡല്ഹിയില് നടക്കുന്ന സമരത്തിലും നമുക്കത് ബോധ്യപ്പെട്ടെന്നും ശോഭാ സുരേന്ദ്രന് കൂട്ടിച്ചേര്ത്തു.







