കാറളത്ത് വയോധികയെ കഴുത്തില്‍ സാരി മുറുക്കി കൊലപ്പെടുത്തി; നാടിനെ നടുക്കിയ സംഭവം പട്ടാപ്പകല്‍; 16പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു

തൃശൂര്‍: ഇരിങ്ങാലക്കുട, കാറളത്ത് വയോധികയെ അതിക്രൂരമായി കൊലപ്പെടുത്തി 16 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. കാറളം മൃഗാശുപത്രിക്കു സമീപം താമസിക്കുന്ന അരിച്ചുള്ളി വിജയന്റെ ഭാര്യ സാവിത്രി (79) യാണ് കൊല്ലപ്പെട്ടത്. ഇന്നലെ (ചൊവ്വ) വൈകുന്നേരം മൂന്നരയ്ക്കും നാലരമണിക്കും ഇടയിലുള്ള സമയത്താണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറിയ അക്രമികൾ സാവിത്രിയുടെ കഴുത്തു ഞെരുക്കിയും സാരി മുറുക്കിയുമാണ് കൊലപ്പെടുത്തിയത്. ബലപ്രയോഗം നടന്നതിന്റെ അടയാളങ്ങള്‍ മുറിയില്‍ കാണപ്പെട്ടു. തെളിവു നശിപ്പിക്കുന്നതിനായി വീട്ടിനകത്ത് മുളക് പൊടി വിതറിയാണ് കൊലയാളികള്‍ സ്ഥലം വിട്ടത്. സാവിത്രി ധരിച്ചിരുന്ന മാല, അഞ്ചു വളകള്‍, മോതിരം, കമ്മല്‍ തുടങ്ങിയ ആഭരണങ്ങള്‍ നഷ്ടപ്പെട്ടു.
സാവിത്രിയുടെ മകനും ഭാര്യയും ഭര്‍ത്താവ് വിജയനെയും കൂട്ടി ആശുപത്രിയില്‍ പോയതായിരുന്നു. ഈ സമയത്ത് സാവിത്രി മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. വൈകുന്നേരം സ്‌കൂള്‍ വിട്ട് വീട്ടില്‍ എത്തിയ പേരക്കുട്ടിയാണ് സാവിത്രിയെ വീട്ടിനകത്ത് കമിഴ്ന്നു കിടക്കുന്ന നിലയില്‍ ആദ്യം കണ്ടത്.
കൊലപാതകത്തിനും കവര്‍ച്ചയ്ക്കും പിന്നില്‍ നാടോടികളാണെന്നു സംശയിക്കുന്നു. കാട്ടൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page