കണ്ണൂർ: വനിതാ ജയിലിൽ ഗുരുതര വീഴ്ച. തടവുകാരിൽ നിന്ന് എംഡിഎംഎ പിടികൂടി. തടവുകാരായ റോഷ്‌നി സാവിയോ (34), റുബൈദ പി.കെ. (34)എന്നിവരിൽ നിന്നാണ് ലഹരി പിടികൂടിയത്. ഇരുവരും എംഡിഎംഎ വിൽപ്പന കേസിലെ പ്രതികളാണ്. റോഷ്‌നി ആറുദിവസം മുമ്പും റുബൈദ കഴിഞ്ഞ ദിവസവും ആണ് ജയിലിൽ എത്തിയത്. ഇവരിൽ നിന്ന് 0.31 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. തടവറയിൽ ഒരു ഗ്ലാസിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. ജയിൽ ജീവനക്കാർ നടത്തിയ പരിശോധനയിലായിരുന്നു ലഹരി കണ്ടെത്തിയത്. തുടർന്ന് ടൗൺ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഇവരെ വീണ്ടും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം കൂട്ടുപുഴ ചെക്ക്‌പോസ്റ്റിൽ വച്ച് 194 ഗ്രാം എംഡിഎംഎയുമായി രണ്ട് ഉളിക്കൽ സ്വദേശികൾ പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ലഹരി കൈമാറിയത് റോഷ്‌നിയാണെന്ന് പൊലീസിനോട് വെളിപ്പെടുത്തിയത്. തുടർന്ന് തൃശൂരിൽ നിന്ന് റോഷ്‌നി പിടിയിലാവുകയായിരുന്നു. റോഷ്‌നി പോക്‌സോ കേസിലും പ്രതിയാണ്.








