കുമ്പള: കുമ്പളയിലെ ബസ്സ്റ്റാന്റ് വിവാദം നാട്ടുകാരേയും യാത്രക്കാരേയും വ്യാപാരികളേയും പ്രതിസന്ധിയിലേക്കു വലിച്ചിഴക്കുന്നുവെന്ന് ആക്ഷേപമുയരുന്നു.
മുസ്ലീംലീഗിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കഴിഞ്ഞ പഞ്ചായത്തു ഭരണസമിതി കാലാവധി കഴിഞ്ഞു വീണ്ടും തിരഞ്ഞെടുപ്പിനോടടുത്തപ്പോള്‍ അഞ്ചുവര്‍ഷത്തെ ഭരണനേട്ടമായി ലക്ഷങ്ങള്‍ ചെലവഴിച്ച് ഏര്‍പ്പെടുത്തിയ പുതിയ ബസ്സ്റ്റാന്റ് അതേ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വീണ്ടും ഭരണമാരംഭിച്ചതോടെ പഴയസ്റ്റാന്റിലേക്കു പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടു നടക്കുന്ന സമരങ്ങളും തന്ത്രങ്ങളും പുതിയ ഘട്ടത്തിലേക്കു നീങ്ങുന്നു.
പൊലീസും പഞ്ചായത്തു ഭരണവും രാഷ്ട്രീയ പാര്‍ട്ടികളും വായ കടിച്ചു പിടിച്ചിരിക്കുന്നു. അതേസമയം പരസ്യമായി നിഷ്പക്ഷനിലപാടും രഹസ്യമായി പക്ഷപാതപരമായ നിലപാടും കുമ്പളയില്‍ പൊലീസ് പയറ്റിത്തുടങ്ങിയെന്നു വാഹന തൊഴിലാളികളും നാട്ടുകാരും പറയുന്നു.
ഇന്നലെ സന്ധ്യക്കു കുമ്പള സ്‌കൂള്‍ ഗ്രൗണ്ടില്‍ സമാപിച്ച, നാലു ദിവസം നീണ്ടു നിന്ന ഉപജില്ലാ കായിക മേളയുടെ മുന്നോടിയായി പഞ്ചായത്തിന്റെ അഭിമാന സ്ഥാപനമായ ബസ് സ്റ്റാന്റിനടുത്തു റോഡു ബ്ലോക്കു ചെയ്യാനുദ്ദേശിക്കുന്നെന്നും വാഹനങ്ങള്‍ തിരിക്കുന്ന സ്ഥലം അടച്ചില്ലെങ്കില്‍ വിവിധ സ്‌കൂളുകളില്‍ നിന്നു കായിക മേളക്കെത്തുന്ന കുട്ടികള്‍ക്കു അപകടമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ആ സ്ഥലത്തെ വാഹനത്തിന്റെ തിരിക്കലുകള്‍ കായിക മേള തീരുന്നതുവരെ നാലേ നാലു ദിവസത്തേക്ക് അടയ്ക്കാന്‍ സഹകരിക്കണമെന്നും പൊലീസ്, ബസ് ജീവനക്കാരോടാവശ്യപ്പെട്ടു. കുട്ടികളുടെ കാര്യമല്ലേ എന്നോര്‍ത്തു ജീവനക്കാര്‍ പൂര്‍ണ്ണ സമ്മതവും കൊടുത്തു. കായികമേള തുടങ്ങിയതിന്റെ തലേന്നു രാത്രി പൊലീസ് ആ ഭാഗത്തെ റോഡടച്ചു. ബസുകള്‍ ദൂരസ്ഥലങ്ങളില്‍ പോയി തിരിക്കുകയും ചെയ്തു.
ഇന്നലെ വൈകിട്ട് കായിക മേള സമാപിച്ചു. റോഡ് ബ്ലോക്ക് ചെയ്തിരുന്ന തടസ്സങ്ങള്‍ വലിച്ചെറിഞ്ഞ ശേഷം അതേ സ്ഥലത്തു ദേശീയപാത പണിക്കു റോഡ് ബ്ലോക്ക് ചെയ്യുന്ന കൂറ്റന്‍ കോണ്‍ക്രീറ്റ് കട്ടകള്‍ ലോറിയില്‍ കൊണ്ടുവന്നു ജെ സി ബി ഉപയോഗിച്ചു റോഡിലിറക്കി റോഡ് സ്ഥായിയായി ബ്ലോക്ക് ചെയ്തു.
പൊലീസ് സ്റ്റേഷന്റെ മൂക്കിനു മുന്നില്‍ നടന്ന സംഭവം പൊലീസിന്റെ പൂര്‍ണ്ണ സമ്മതത്തോടെയാണെന്നു ഡ്രൈവര്‍മാരും നാട്ടുകാരും പറയുന്നു.
റോഡുതടയാന്‍ പൊലീസ് പറഞ്ഞ ന്യായങ്ങള്‍ അതുപോലങ്ങു നടപ്പാക്കണമെന്ന് ബസ് ജീവനക്കാര്‍ പൊലീസിനോടാവശ്യപ്പെട്ടു. ഇല്ലെങ്കില്‍ തലപ്പാടി മുതല്‍ പെര്‍ള, മുള്ളേരിയ റൂട്ടുകള്‍വരെയും കുമ്പള പരിസരത്തെ ബംബ്രാണ, കളത്തൂര്‍ തുടങ്ങി വിവിധ സ്ഥങ്ങളിലേക്കുമുള്ള വാഹനങ്ങള്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്കാരംഭിക്കുമെന്നു മുന്നറിയിച്ചു.
ബസ് പണിമുടക്കിയാല്‍ അതിനു പിന്തുണ പ്രഖ്യാപിച്ചു തങ്ങളും പണിമുടക്കുമെന്നു ടെമ്പോ -ടാക്സി- ഓട്ടോ ജീവനക്കാരും പറയുന്നു.
എന്നാല്‍ എന്തിനു പണിമുടക്കുന്നെന്നു പൊലീസ് ചോദിക്കുന്നതായി ബസ് ജീവനക്കാര്‍ പറയുന്നു. പ്രശ്നം സമാധാനപരമായി പരിഹരിക്കാമെന്നും അതിനു ഇന്നു രാത്രി ബസ് ജീവനക്കാരുമായി ചര്‍ച്ച നടത്താമെന്നും പൊലീസ് അറിയിച്ചതായി ജീവനക്കാര്‍ പറഞ്ഞു.
കുമ്പളയിലെ കെ എസ് ടി പി റോഡിലാണ് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി പുതിയ ബസ് സ്റ്റാന്റുണ്ടാക്കിയത്. ടൗണിലെ പി ഡബ്ല്യുയുഡി റോഡിലാണ് പഴയ ബസ്സ്റ്റാന്റ് പ്രവര്‍ത്തിച്ചിരുന്നത്. ഇതൊക്കെ എന്തൊരു പഞ്ചായത്ത് ബസ്് സ്റ്റാന്റാണെന്നു നാട്ടുകാരും യാത്രക്കാരും ആരായുന്നു. എല്ലാ സൗകര്യങ്ങളോടും കൂടിയ വിശാലമായ ബസ്സ്റ്റാന്റ് ഉണ്ടാക്കണമെന്നും നാട്ടുകാര്‍ ആവശ്യമുന്നയിക്കുന്നുണ്ട്.
അതേസമയം ടൗണില്‍ നിന്ന് അല്‍പ്പമകലെ സ്വകാര്യ വ്യക്തി ബസ് സ്റ്റാന്റാക്കാവുന്ന തരത്തില്‍ വന്‍ ഷോപ്പിംഗ് കോംപ്ലക്സ് പണിയാന്‍ നീക്കം നടത്തുന്നുണ്ടെന്നും സംസാരമുണ്ട്. അങ്ങനെയായാല്‍ അതു പഞ്ചായത്തിനു സ്ഥായിയായ വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും സംസാരമുണ്ട്.
പുതുതായി സ്ഥാപിച്ച ബാരിക്കേഡുകള്‍ കുമ്പളയില്‍ ഗതാഗത പ്രശ്നമുണ്ടാക്കുന്നുണ്ട്.
കാസര്‍കോട് ജില്ലാ കോ- ഓപ്പറേറ്റീവ് ആശുപത്രിയിലേക്കു രോഗികള്‍ എത്തുന്ന വഴിയും ഇതാണ്. റോഡ് ബാരിക്കേഡ് വച്ച് അടച്ചതോടെ രോഗികളും വിഷമിക്കുന്നു. റോഡടച്ചതുമൂലം ആശുപത്രിയിലെത്താന്‍ താമസമുണ്ടാവുകയും ഏതെങ്കിലും രോഗിക്ക് ഇതുമൂലം അപകടമുണ്ടാവുകയും ചെയ്താല്‍ അതിനുത്തരവാദികള്‍ പൊലീസും പഞ്ചായത്തധികൃതരുമായിരിക്കുമെന്ന് ആശുപത്രി അധികൃതരും മുന്നറിയിച്ചിട്ടുണ്ട്.







