കാസര്‍കോട്: കുമ്പള, അനന്തപുരം ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ലോറിയുടെ മുകളില്‍ നിന്നു വീണു തൊഴിലാളി മരിച്ചു. ‘യുണൈറ്റഡ് ബോര്‍ഡ്‌സ് ആന്റ് ചെംസ്’ എന്ന സ്ഥാപനത്തിലെ ജോലിക്കാരനായ ആസാം, പഞ്ചിം സല്‍പ്പാറയിലെ ഹബീബുര്‍ റഹ്‌മാന്‍ (51) ആണ് മരിച്ചത്. സംഭവത്തില്‍ ഫാക്ടറി ഉടമ നിഷാദിന്റെ പേരില്‍ കുമ്പള പൊലീസ് കേസെടുത്തു. ഇന്നലെ (വ്യാഴം) രാത്രി ഏഴരമണിയോടെയാണ് അപകടം ഉണ്ടായത്. ലോറിയില്‍ പ്ലൈവുഡ് ലോഡ് ചെയ്ത് ടാര്‍ പോളിന്‍ പൊതിഞ്ഞ് കയര്‍ വലിച്ചു മുറുക്കുന്നതിനിടയില്‍ കാല്‍ തെന്നി താഴേയ്ക്കു വീണാണ് അപകടം. സാരമായി പരിക്കേറ്റ ഹബീബുറിനെ ഉടന്‍ ആശുപത്രിയിലേയ്ക്ക് എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.







