കാസര്‍കോട്: പഞ്ചാബില്‍ നിന്ന് കൊറിയര്‍ വഴി എത്തിച്ച കോടികൾ വില വരുന്ന രണ്ടു കിലോ എംഡിഎംഎയുമായി മൂന്നു പേര്‍ അറസ്റ്റില്‍. കുമ്പള, ബന്തിയോട്ടെ അഫീല്‍, മംഗ്‌ളൂരു സ്വദേശികളായ സിയാവുള്ള, അല്‍ത്താഫ് എന്നിവരാണ് അറസ്റ്റിലായത്. കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള നാര്‍ക്കോട്ടിക് സെല്‍ ഡാന്‍സാഫ് ടീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മംഗ്‌ളൂരു പൊലീസാണ് മയക്കുമരുന്നു വേട്ട നടത്തിയത്. അടുത്തിടെ എംഡിഎംഎയുമായി പിടിയിലായ ഒരാളിൽ നിന്ന് ലഭിച്ച വിവരമാണ് പ്രതികളുടെ അറസ്റ്റിലേക്കും വന്‍ മയക്കുമരുന്നു വേട്ടയിലേക്കും നയിച്ചത്. പഞ്ചാബില്‍ നിന്ന് മംഗ്‌ളൂരുവിലേക്ക്കൊറിയറിൽ വൻ തോതിൽ മയക്കുമരുന്നു അയച്ചിട്ടുണ്ടെന്നായിരുന്നു പൊലീസിനു ലഭിച്ച വിവരം. മയക്കുമരുന്ന് മംഗ്‌ളൂരുവിലെ കൊറിയര്‍ സ്ഥാപനത്തിലേക്ക് എത്തിയെന്ന് ഉറപ്പാക്കിയ ശേഷമാണ് വിവരം മംഗ്‌ളൂരു പൊലീസിനു കൈമാറിയത്. കൊറിയര്‍ സ്ഥാപനത്തില്‍ നിന്ന് മയക്ക് മരുന്ന് ഏറ്റു വാങ്ങിയ ശേഷം കാസര്‍കോട്ടേക്ക് കടത്താനായിരുന്നു പ്രതികള്‍ പദ്ധതിയിട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു.കാറിലും ഓട്ടോയിലും കൊണ്ടു പോകുന്നതിനിടയിലാണ്മയക്കുമരുന്നുമായി മൂന്നു പേരും പിടിയിലായത്.







