കാസര്‍കോട്: കാസര്‍കോട് ടൗണിലെ ഒരു എയ്ഡഡ് സ്‌കൂളിലെ 10-ാം തരം വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ചു ശക്തമായ അന്വേഷണവും നിയമനടപടിയും വേണമെന്നു ബന്ധുക്കള്‍ ജില്ലാ പൊലീസ് മേധാവിയോടാവശ്യപ്പെട്ടു.
പത്താം ക്ലാസില്‍ പഠിച്ചിരുന്ന വിദ്യാര്‍ത്ഥിയെ ഒരു അധ്യാപിക പഠനവുമായി ബന്ധപ്പെട്ടും മറ്റു കാര്യങ്ങളിലും നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നെന്നു പരാതിയില്‍ പറഞ്ഞു. ഇടയ്ക്കിടക്കു രക്ഷിതാക്കളെ സ്‌കൂളിലേക്കു വിളിപ്പിക്കുകയും അവരെയും പരിഹസിക്കുകയും ചെയ്യാറുണ്ടായിരുന്നുവെന്ന് പരാതിയില്‍ ആരോപിച്ചു. ഇതേ വിദ്യാര്‍ത്ഥിയുടെ പേരു പറഞ്ഞു മറ്റു രക്ഷിതാക്കളുടെ മുന്നില്‍ കുട്ടിയെ അപമാനിക്കാറുണ്ടായിരുന്നു.
ഇക്കഴിഞ്ഞ സ്‌കൂള്‍ തല പ്രവര്‍ത്തി പരിചയമേളയില്‍ പോട്ടറി പെയിന്റിങ്ങില്‍ എ ഗ്രേഡ് ലഭിച്ച കുട്ടിയുടെ ഫോട്ടോ പോലും ക്ലാസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവച്ചില്ല. നിരന്തര പീഡനത്തെ തുടര്‍ന്നു കുട്ടി ആത്മഹത്യ ചെയ്തിട്ട് ആ വിവരം വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പങ്കുവച്ചില്ല. സ്‌കൂളില്‍ നിന്ന് മറ്റ് അധ്യാപകരൊക്കെ കുട്ടിയുടെ അന്ത്യദര്‍ശത്തിനെത്തിയെങ്കിലും ആരോപണ വിധേയയായ അധ്യാപിക അതിനുമെത്തിയില്ലെന്നു പരാതിയില്‍ പറഞ്ഞു. ഇതേ ക്ലാസിലെ മറ്റു രക്ഷിതാക്കളും അധ്യാപികക്കെതിരെ ആരോപണം ഉന്നയിക്കുന്നുണ്ടെന്നു പരാതിയില്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരം ദുരനുഭവം ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നിയമ നപടി ആവശ്യമാണെന്ന് പരാതിക്കാര്‍ അഭ്യര്‍ത്ഥിച്ചു.







