കാസര്‍കോട്: വന്ദേമാതരം ദേശീയ സെമിനാറിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ സസ്‌പെന്റ് ചെയ്ത നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എസ് എഫ് ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരിയ കേന്ദ്ര സര്‍വ്വകലാശാലയിലേയ്ക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പെരിയ ടൗണില്‍ നിന്നു ആരംഭിച്ച മാര്‍ച്ച് പൊലീസ് ബാരിക്കേഡ് വച്ചു തടയുകയായിരുന്നു. എസ് എഫ് ഐ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാനും മുകളിലേയ്ക്കു കയറാനും ശ്രമിച്ചു. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.
അതേസമയം സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിനുള്ളില്‍ പാട്ടുപാടിയും മുദ്രാവാക്യങ്ങള്‍ വിളിച്ചുമായിരുന്നു പ്രതിഷേധം.
കേന്ദ്ര സര്‍വ്വകലാശാലയില്‍ നടന്ന വന്ദേമാതരം സെമിനാറുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്തതിനു 25 വിദ്യാര്‍ത്ഥിള്‍ക്കെതിരെ ബേക്കല്‍ പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു. സെമിനാര്‍ അലങ്കോലപ്പെടുത്തിയെന്നതിനാണ് കേസെടുത്തത്. ഇതിനു പിന്നാലെയാണ് എസ് എഫ് ഐ പ്രവര്‍ത്തകരായ എസ് .സെയ്ദ് അലി, വി ബി ആവേദ്, എം എസ് എഫ് പ്രവര്‍ത്തകരായ ശബീര്‍, തഖ്വിയുദ്ദീന്‍, എന്‍ എസ് യു പ്രവര്‍ത്തകന്‍ യാസിന്‍ എന്നിവരെ സര്‍വ്വകലാശാല സസ്‌പെന്റ് ചെയ്തത്.







