പോസ്‌റ്റോഫീസിനെ ഹോട്ടല്‍ മറച്ചു; ഹോട്ടലിനേയും പോസ്റ്റ് ഓഫീസിനേയും കാടു മറച്ചു

മധൂര്‍: പൊട്ടനെ ചെട്ടി കളിപ്പിച്ചാല്‍ ചെട്ടിയെ ദൈവം പറ്റിക്കുമെന്ന് പറയാറില്ലേ? അതുപോലൊന്നു മധൂര്‍ പഞ്ചായത്തില്‍ സംഭവിച്ചു.

മധൂര്‍ പഞ്ചായത്ത് ഓഫീസിന്റെ മള്‍ട്ടി കോംപ്ലക്‌സില്‍ നിരവധി സ്ഥാപനങ്ങള്‍ വാടകയ്ക്കു പ്രവര്‍ത്തിക്കുന്ന കൂട്ടത്തില്‍ രാംദാസ് നഗര്‍ ബ്രാഞ്ച് പോസ്റ്റ് ഓഫീസുമുണ്ട്. പോസ്റ്റ് ഓഫീസ് പ്രവര്‍ത്തിക്കുന്നത് അവിടെയാണെന്നു നാട്ടുകാരെ അറിയിക്കുന്നതിനു വച്ച പോസ്റ്റ് ഓഫീസിന്റെ ബോഡിനു മുന്നില്‍ ഒരു ഹോട്ടലിന്റെ ബോഡും സ്ഥാപിച്ചിട്ടുണ്ട്. ഹോട്ടലിന്റെ ബോഡ്, പോസ്റ്റ് ഓഫീസ് ബോഡിനെ മറച്ചാണെന്നു പലരും പഞ്ചായത്ത് ഓഫീസിനോടു പരാതിപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ പഞ്ചായത്ത് പോസ്‌റ്റോഫീസിനോടും ഹോട്ടലിനോടും സമദൂരമനോഭാവത്തിലാണെന്നു പരാതിക്കാര്‍ പറയുന്നു.

ഇന്നു ലോക തപാല്‍ ദിനം ആചരിക്കുമ്പോള്‍ തപാല്‍ ഓഫീസിനുള്ളില്‍ ഇരിക്കുന്നവരെങ്കിലും പോസ്റ്റ് ഓഫീസിന്റെ ബോഡ് മറയില്ലാതെ പ്രദര്‍ശിപ്പിക്കുമെന്നും പോസ്റ്റ് ഓഫീസ് പരിസരം വൃത്തിയാക്കുമെന്നുമൊക്കെ നാട്ടുകാര്‍ കരുതിയിരുന്നു. എന്നാല്‍ പോസ്‌റ്റോഫീസിനെന്തിനു ബോഡെന്ന നിലപാടാണ് അവര്‍ക്കെന്നു നാട്ടുകാര്‍ തമാശ പറയുന്നു. ബോഡ് ഉണ്ടായാലും ഇല്ലെങ്കിലും ഓഫീസ് പരിസരം വൃത്തിയാക്കിയില്ലെങ്കിലും പോസ്റ്റ് ഓഫീസില്‍ വരാനുള്ളവര്‍ അവിടെ വരുമെന്ന് ജീവനക്കാര്‍ക്കുറപ്പുണ്ട്. മാത്രമല്ല, ബോഡുണ്ടായാലും ഇല്ലെങ്കിലും മാസാമാസം തങ്ങള്‍ക്കു കിട്ടുന്ന വേതനം കൃത്യമായി കിട്ടുമെന്നും അവര്‍ക്കുറപ്പുണ്ട്.

ഇന്നു ലോക തപാല്‍ ദിനവും നാളെ ദേശീയ തപാല്‍ ദിനവുമാണ്. മാത്രമല്ല, ഇന്നു മുതല്‍ 15 വരെ തപാല്‍ വാരാചരണവും ആഘോഷിക്കുന്നുണ്ട്. ഇത്രയൊക്കെ ആദരവ് തപാല്‍ സമ്പ്രദായത്തോടു കേന്ദ്രസര്‍ക്കാരും ലോകവും പ്രകടിപ്പിക്കുമ്പോള്‍ ഒരു പോസ്റ്റ് ഓഫീസിന്റെ ബോഡ് മറ്റൊരു ബോഡു വച്ചു മറയ്ക്കുന്നതു ശരിയാണോ എന്ന് ഒരു ശങ്ക നാട്ടില്‍ രൂപപ്പെടുന്നു. സാമൂഹ്യ പ്രശ്‌നങ്ങളോടു സംശയിച്ചിരിക്കാനേ പൊതുവേ നാട്ടുകാര്‍ക്കു കഴിന്നുള്ളൂവെങ്കിലും പ്രകൃതി ശക്തി അങ്ങനെയല്ല. തപാല്‍ ബോഡും, അതിനെ മറച്ച സ്വകാര്യ ബോഡും കെട്ടിടത്തിനു മുന്നില്‍ വളര്‍ന്ന കാടുചെടികള്‍ മറച്ചിട്ടുണ്ട്. – പൊട്ടനെ ചെട്ടി കളിപ്പിച്ചാല്‍ ചെട്ടിയെ ദൈവം പറ്റിക്കുമെന്നു പറഞ്ഞപോലെ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page