കുമ്പള: മഞ്ചേശ്വരം താലൂക്കിലെ വിവിധ ഭാഗങ്ങളില്‍നിന്ന് മണ്ണും ചെങ്കല്ലും ഉള്‍പ്പെടെയുള്ള പ്രകൃതിവിഭവങ്ങള്‍ അനധികൃതമായി കര്‍ണാടകയിലേക്കും മറ്റ് അയല്‍ സംസ്ഥാനങ്ങളിലേക്കും കടത്തുന്നത് തുടരുകയാണെന്നാരോപിച്ച് മുസ്ലിം യൂത്ത് ലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റി ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്ക് പരാതി നല്‍കി. കോയിപ്പാടി, പുത്തിഗെ, ബായാര്‍ വില്ലേജുകളിലെ അനന്തപുരം, പാദക്കല്‍, പൈവളിഗെ തുടങ്ങിയ പ്രദേശങ്ങളില്‍നിന്ന് കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി കൂറ്റന്‍ ടോറസ് വാഹനങ്ങളില്‍ രാപ്പകല്‍ ഭേദമില്ലാതെ മണ്ണും ചെങ്കല്ലും കടത്തുന്നതായി പരാതിയില്‍ പറയുന്നു. മഞ്ചേശ്വരം താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ അനധികൃത ചെങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനവും വ്യാപകമാണെന്നും യൂത്ത് ലീഗ് ആരോപിച്ചു. കര്‍ണാടകയില്‍ ചെങ്കല്ലിന് ഉയര്‍ന്ന വില ലഭിക്കുന്നതിനാല്‍ വ്യാപകമായി കടത്തുന്നത് മഞ്ചേശ്വരം മേഖലയില്‍ ചെങ്കല്ലിന്റെ ക്ഷാമത്തിനും വിലവര്‍ധനക്കും ഇടയാക്കുന്നു. ഇത് കാരണം നിര്‍മാണമേഖല പ്രതിസന്ധിയിലായി. സാധാരണക്കാര്‍ക്ക് വീട് നിര്‍മിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും പരാതിയില്‍ പറയുന്നു.
ഉദ്യോഗസ്ഥ-രാഷ്ട്രീയ ഒത്താശയോടെയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പരാതിക്കാരുടെ വിവരങ്ങള്‍ ചില ഉദ്യോഗസ്ഥര്‍ മാഫിയകള്‍ക്ക് ചോര്‍ത്തിനല്‍കുന്നതായും പരാതിയില്‍ ആരോപണമുണ്ട്.
നിരവധി പരാതികള്‍ നല്‍കിയിട്ടും റവന്യൂ, മൈനിങ് ആന്‍ഡ് ജിയോളജി, പൊലീസ് അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ലെന്നും യൂത്ത് ലീഗ് ആരോപിച്ചു. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും വിവിധ വകുപ്പ് മേധാവികള്‍ക്കും ജില്ലാ കളക്ടര്‍ക്കുമാണ് രണ്ടാംഘട്ടമായി യൂത്ത് ലീഗ് പരാതി നല്‍കിയത്.







