കാസര്‍കോട്: അറ്റകുറ്റ പണിക്കായി അടച്ചിട്ടിരുന്ന കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ പള്ളിക്കര മേല്‍പ്പാലം തുറന്നു. ഇന്ന് (ബുധന്‍) രാവിലെയാണ് പാലം തുറന്നു കൊടുത്തത്. ഇതോടെ ദിവസങ്ങളായി അനുഭവിക്കുന്ന ഗതാഗത കുരുക്കിന് പരിഹാരമാകുമെന്ന ആശ്വാസത്തിലാണ് യാത്രക്കാര്‍. മേല്‍പ്പാലത്തില്‍ ഘടിപ്പിച്ചിട്ടുള്ള ആറ് എക്‌സ് പാന്‍ഷന്‍ ജോയിന്റുകള്‍ മാറ്റുന്നതിനായാണ് സെപ്തംബര്‍ ഒന്നിന് പാലം അടച്ചത്. ഒക്ടോബര്‍ 10 വരെ പാലം അടച്ചിടുമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്. അതിന് മുമ്പ് തന്നെ പാലം തുറന്നതിലുള്ള ആശ്വാസത്തിലാണ് യാത്രക്കാര്‍. പാലം അടച്ചിട്ടതിനാല്‍ ഇരു ഭാഗങ്ങളിലേക്കുമുള്ള വാഹനങ്ങള്‍ ബേക്കല്‍-മൗവ്വല്‍-പള്ളിക്കര റോഡ് വഴിയാണ് ഓടിയിരുന്നത്. ഇത് വലിയ ഗതാഗത കുരുക്കിന് ഇടയാക്കിയിരുന്നു.







