കാസര്‍കോട്: ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അഞ്ചുവയസുകാരനെ കാണാതായി. ഏറെ നേരത്തെ പരിഭ്രാന്തിക്കൊടുവില്‍ കുഞ്ഞിനെ സുരക്ഷിതനായി റോഡരുകില്‍ കണ്ടെത്തി. ഇന്ന് (ബുധന്‍) രാവിലെ കുമ്പളയിലെ ഒരു ആശുപത്രിയിലാണ് സംഭവം.
ഇതേ കുറിച്ച് കുമ്പള പൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെ- ”പനിയെ തുടര്‍ന്നാണ് കുമ്പളയ്ക്കു സമീപത്തെ മുളിയടുക്കം സ്വദേശിയായ അഞ്ചുവയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. മാതാവാണ് കൂടെ ഉണ്ടായിരുന്നത്. മാതാവ് രാവിലെ കാന്റീനിലേയ്ക്ക് പ്രഭാത ഭക്ഷണം വാങ്ങിക്കാന്‍ പോയതായിരുന്നു. ഈ സമയത്ത് കുട്ടി മുറിയില്‍ ഉണ്ടായിരുന്നു. ഭക്ഷണം വാങ്ങി തിരിച്ചെത്തിയപ്പോഴാണ് മകനെ കാണാനില്ലെന്ന കാര്യം മാതാവ് അറിഞ്ഞത്. നഴ്‌സിംഗ് കൗണ്ടറില്‍ എത്തി അന്വേഷിച്ചുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കുട്ടി മുറിയില്‍ നിന്നു പുറത്തിറങ്ങി, താഴേയ്ക്കു വരുന്നതു കണ്ടു. ഇതോടെ പരിഭ്രാന്തിയായി. പരിസരങ്ങളിലെല്ലാം തെരച്ചില്‍ നടക്കുന്നതിനിടയിലാണ് മാധ്യമ പ്രവർത്തകനായ അബ്ദുള്ള കുമ്പള കുട്ടിയെ കൃഷ്ണ നഗറില്‍ റോഡരുകില്‍ കണ്ടത്. അവശനായിരുന്ന കുട്ടിയുടെ കൈയില്‍ ഗ്ലൂക്കോസ് കുത്തിവയ്ക്കാന്‍ ഉപയോഗിച്ച സൂചി കാണപ്പെട്ടു. സംശയം തോന്നിയ അബ്ദുള്ള കുട്ടിയുടെ അരികിലെത്തി കാര്യം അന്വേഷിച്ചുവെങ്കിലും കൃത്യമായ മറുപടി നല്‍കിയില്ല. അബദ്ധത്തില്‍ റോഡിലെത്തിയതായിരിക്കുമെന്നു കണക്കു കൂട്ടിയ അബ്ദുള്ള കുട്ടിയെ ആശ്വസിപ്പിച്ച് ബൈക്കില്‍ കയറ്റി കുമ്പള പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.
അവിടെ വച്ചും കുട്ടിയോട് കാര്യങ്ങള്‍ അന്വേഷിച്ചുവെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. തുടര്‍ന്നു വിവരം കുമ്പളയിലെ ആശുപത്രിയില്‍ അറിയിച്ചു. അപ്പോഴാണ് ചികിത്സയ്ക്കിടയില്‍ കാണാതായ കുട്ടിയെയാണ് റോഡരുകില്‍ കണ്ടെത്തിയതെന്ന് വ്യക്തമായത്. തുടര്‍ന്ന് കുട്ടിയുടെ മാതാവും ആശുപത്രി അധികൃതരും കുമ്പള പൊലീസ് സ്റ്റേഷനിലെത്തി. മാതാവിനെ കണ്ടതോടെ കുട്ടി ഓടിച്ചെന്നു കെട്ടിപ്പിടിച്ചു. എസ് ഐ എസ് അനൂപ് മാതാവിനു ഉപദേശം നല്‍കിയ ശേഷമാണ് കുട്ടിയെ കൈമാറിയത്”.







