മഞ്ചേശ്വരം ബി.ആർ.സി.യിൽ കന്നഡ മീഡിയം അധ്യാപകരെ ബി.പി.സി.യായി നിയമിക്കണം

ഉപ്പള: എസ്.എസ്.കെ.യുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന ബി.ആർ.സി.കളിൽ ബി.പി.സി.മാരെ നിയമിക്കുമ്പോൾ ഭാഷാ ന്യൂനപക്ഷ മേഖലയായ മഞ്ചേശ്വരം ഉപജില്ലയിലെ ബി.ആർ.സി.യിൽ കന്നഡ മീഡിയം അധ്യാപകരെ പരിഗണിക്കാത്തതിൽ കേരള സ്റ്റേറ്റ് കന്നഡ മീഡിയം ടീച്ചേഴ്സ് ഓർഗനൈസേഷൻ മഞ്ചേശ്വരം ഉപജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.

മഞ്ചേശ്വരം ഉപജില്ലയിലെ 90 ശതമാനത്തോളം സ്കൂളുകളും ഭാഷാ ന്യൂനപക്ഷ മേഖലയിലാണ് പ്രവർത്തിക്കുന്നത്. ഭൂരിഭാഗം വിദ്യാർത്ഥികളും കന്നഡ ഭാഷയിൽ പഠിക്കുന്നവരുമാണ്. വിദ്യാഭ്യാസ ഗുണമേന്മ ഉറപ്പാക്കുന്നതിനായി സർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ ബി.ആർ.സി. മുഖേനയാണ് ഏകോപിപ്പിക്കുന്നത്. അധ്യാപക പരിശീലനം, എസ്.ആർ.ജി. പ്രവർത്തനങ്ങൾ, ഡാറ്റാ ശേഖരണം, പരിശീലന പരിപാടികൾ തുടങ്ങിയവയുടെ ഏകോപനത്തിൽ ബി.പി.സി.മാർക്ക് പ്രധാന ഉത്തരവാദിത്വമാണുള്ളത്.

കന്നഡ ഭാഷയിൽ പ്രാവീണ്യമുള്ള അധ്യാപകനെ ബി.പി.സി.യായി നിയമിക്കുന്നത് ഇത്തരം പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നതിന് അനിവാര്യമാണെന്ന് സംഘടന ചൂണ്ടിക്കാട്ടി. കന്നഡ ഭാഷാ പരിജ്ഞാനമില്ലാത്ത ബി.പി.സി.മാർക്ക് ഭാഷാ ന്യൂനപക്ഷ മേഖലയിലെ അധ്യാപകരുമായും വിദ്യാർത്ഥികളുമായും ഫലപ്രദമായി ആശയവിനിമയം നടത്തുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്നതായും സംഘടന വ്യക്തമാക്കി.
ഭാഷാ ന്യൂനപക്ഷ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബന്ധപ്പെട്ട ഭാഷയിൽ പ്രാവീണ്യമുള്ളവരെ നിയമിക്കണമെന്ന നിലപാട് വ്യക്തമാക്കുന്ന സർക്കാർ ഉത്തരവുകളും കോടതി വിധികളും നിലവിലുണ്ടെന്നും സംഘടന പറഞ്ഞു. ഇവയുടെ അന്തസ്സത്തയ്ക്ക് വിരുദ്ധമായ രീതിയിലാണ് നിലവിലെ ബി.പി.സി. നിയമനമെന്നാണ് സംഘടനയുടെ ആരോപണം.

മഞ്ചേശ്വരം ബി.ആർ.സി.യിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ സുഗമമായും കാര്യക്ഷമമായും നടപ്പിലാക്കുന്നതിനായി കന്നഡ മീഡിയം അധ്യാപകനെ തന്നെ ബി.പി.സി.യായി നിയമിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.
ഇക്കാര്യം ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി, മഞ്ചേശ്വരം എം.എൽ.എ., എസ്.എസ്.കെ. സ്റ്റേറ്റ് പ്രോഗ്രാം ഡയറക്ടർ എന്നിവർക്ക് സംഘടന നിവേദനം നൽകി. ആവശ്യം പരിഹരിക്കുന്നതിന് അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്നു സംഘടനാ പ്രസിഡന്റ് അശോക് കൊട്ലമൊഗറും സെക്രട്ടറി സുനിൽകുമാറും പ്രസ്താവനയിൽ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ബേവിഞ്ചയില്‍ നിന്നു 3 ലക്ഷം രൂപയുടെ വൈദ്യുതി വയറുകള്‍ മുറിച്ചു കടത്തിയ കേസ്: പള്ളിക്കര സ്വദേശികള്‍ അറസ്റ്റില്‍; പിടിയിലായത് രാത്രി കാലങ്ങളില്‍ ബൈക്കില്‍ കറങ്ങി കവര്‍ച്ച പതിവാക്കിയ സംഘം, ബേക്കലിലും കേസ്
Scroll to top

You cannot copy content of this page