പി പി ചെറിയാന്‍
ടെക്‌സസ് :2009-ല്‍ ടെക്‌സസിലെ ഫോര്‍ട്ട് ഹുഡ് മിലിട്ടറി ബേസില്‍ 13 പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പ്പ് കേസില്‍ കുറ്റവാളിയായ മുന്‍ യു.എസ് ആര്‍മി സൈക്യാട്രിസ്റ്റ് നിദാല്‍ ഹസന് ഫയറിങ് സ്‌ക്വാഡ് വഴി വധശിക്ഷനല്‍കാനുള്ള വിധി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അംഗീകരിച്ചു. പെന്റഗണ്‍ ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
1961-ന് ശേഷം യു.എസ് സൈന്യം നടപ്പാക്കുന്ന ആദ്യത്തെ വധശിക്ഷയാണിത്. ശിക്ഷ നടപ്പാക്കാനുള്ള തീയതിയും സ്ഥലവും ആര്‍മി സെക്രട്ടറി ഉടന്‍ തീരുമാനിക്കും.
അല്‍-ഖായിദ ആശയങ്ങളില്‍ ആകൃഷ്ടനായി 2009 നവംബര്‍ 5-നാണ് നിദാല്‍ ഹസന്‍ സൈനിക കേന്ദ്രത്തില്‍ വെടിവയ്പ്പ് നടത്തിയത്. ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും യു.എസ് സൈനിക നടപടികളില്‍ പ്രതിഷേധിച്ചായിരുന്നു ആക്രമണം.
2013-ല്‍ സൈനിക കോടതി നിദാല്‍ ഹസന് വധശിക്ഷ വിധിച്ചിരുന്നു. സ്വയം പ്രതിരോധിച്ച ഹസന്‍ വിചാരണ വേളയില്‍ സാക്ഷികളെ വിസ്തരിക്കുകയോ കുറ്റം നിഷേധിക്കുകയോ ചെയ്തിരുന്നില്ല.നിദാല്‍ ഹസന്റെ വധശിക്ഷയോടെ വര്‍ഷങ്ങളായി നീണ്ടുനിന്ന നിയമനടപടികള്‍ക്കാണ് ഇപ്പോള്‍ അന്തിമ തീരുമാനമായിരിക്കുന്നത്.








