കാസര്‍കോട്: റബ്ബര്‍ ടാപ്പിംഗുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെയും മുന്‍ വൈരാഗ്യത്തിന്റെയും പേരില്‍ യുവാവിനെ വെട്ടിയും ഇരുമ്പു വടി കൊണ്ട് അടിച്ചും കൊല്ലാന്‍ ശ്രമിച്ചതായി പരാതി. കേസെടുത്ത ബദിയഡുക്ക പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. തൃശൂര്‍, ചേലക്കര, മുച്ചിക്കല്‍ സ്വദേശി എംഎം വിജയന്‍ (44) ആണ് വധശ്രമത്തിന് ഇരയായത്. സംഭവത്തില്‍ എന്‍മകജെ, ബേങ്ങപ്പദവ്, പൂവനടുക്കയിലെ അജികുമാറി(43)നെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ (തിങ്കള്‍) സന്ധ്യക്ക് 7 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. റബ്ബര്‍ ടാപ്പിംഗുമായി ബന്ധപ്പെട്ട വൈരാഗ്യത്തിന്റെ പേരില്‍ വിജയനെ പ്രതിയായ അജിത്ത് ഇരുമ്പ് വടി കൊണ്ടു അടിക്കുകയായിരുന്നുവെന്ന് ബദിയഡുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. കൈക്കു വെട്ടിയ ശേഷം കഴുത്തിന് വെട്ടാന്‍ ശ്രമിച്ചപ്പോള്‍ ഒഴിഞ്ഞു മാറിയിരുന്നില്ലെങ്കില്‍ മരണം വരെ സംഭവിക്കുമായിരുന്നുവെന്ന് കേസില്‍ കൂട്ടിച്ചേര്‍ത്തു.







