കാസർകോട്: ജില്ലയിലെ തുറമുഖങ്ങളിൽ മീൻപിടുത്തക്കാർ പിടിച്ചു കൊണ്ടുവരുന്ന കുഞ്ഞൻ മത്തി ഫിഷറീസ് വകുപ്പും,എൻ ഫോഴ്‌സ്മെന്റും ചേർന്ന് പിടികൂടുമ്പോൾ മത്സ്യ മാർക്കറ്റുകളിൽ കുഞ്ഞൻ മത്തിയുടെ വിൽപ്പന പൊടിപൊടിക്കുന്നു . അതിനിടെ സംസ്ഥാനത്തെ ആഴക്കടലിൽ നിന്ന് മത്സ്യ കുഞ്ഞുങ്ങളെ പിടിച്ച് അന്യ സം സ്ഥാനങ്ങളിലേക്ക്
കയറ്റി അയക്കുന്ന തായും ആക്ഷേപം ഉയരുന്നു.
10 സെന്റീമീറ്ററിന് താഴെ വലിപ്പമുള്ള ചെറിയ മത്തികുഞ്ഞുങ്ങളെ വ്യാപകമായിട്ടാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വിവിധ ഹാർബറുകളിൽ നിന്ന് ഫിഷറീസ് വകുപ്പ് അധികൃതർ പിടികൂടിയത്. മഞ്ചേശ്വരത്ത് നിന്ന് 30 ലോറി മത്സ്യക്കുഞ്ഞുങ്ങളെ കഴിഞ്ഞ ദിവസം തീറ്റ ഉത്പാദിപ്പിക്കുന്ന അന്യസംസ്ഥാനത്തെ ഫിഷ് മില്ലുകളിലേക്ക് കടത്തിയതായി മത്സ്യത്തൊഴിലാളികൾ തന്നെ ആരോപിക്കുന്നുണ്ട്.
മത്സ്യ കുഞ്ഞുങ്ങളെ പിടി കൂടാൻ എത്തുന്ന ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരെ മത്സ്യത്തൊഴിലാളികൾ തടയുന്നത് ഉൾപ്പെടെയുള്ള സംഭവങ്ങളും,പോലീസ് ഇടപെടലുകളും കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.എന്നാൽ പിടിച്ച കുഞ്ഞൻ മത്തികളെ നശിപ്പിച്ചും,കടലിലേക്ക് ഒഴുക്കി കളഞ്ഞുമാണ് അധികൃതർ നടപടി സ്വീകരിച്ചത്.ചില സ്ഥലങ്ങളിൽ നിന്ന് മീൻ പിടിക്കാൻ ഉപയോഗിച്ച വള്ളങ്ങൾ കസ്റ്റഡിയിലെ ടുക്കുകയും ചെയ്തിരുന്നു.
കടലിൽ നിന്ന് 10 സെന്റീമീറ്ററിന് താഴെ വലിപ്പമുള്ള മത്തിക്കുഞ്ഞുങ്ങളെ പിടികൂടുന്നത് സമുദ്ര ആവാസ വ്യവസ്ഥയെയും, മത്തിയുടെ ലഭ്യതയേയും സാരമായി ബാധിക്കുന്നുവെന്ന് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഫിഷറീസ് വകുപ്പ് നടപടി കടുപ്പിച്ചത്. ശക്തി കൂടിയ എഞ്ചിനുള്ള ഇരട്ട ബോട്ടുകളിൽ ഡബിൾ നെറ്റ് വല ഉപയോഗിച്ച് അനുവദീയമായ തിലും കൂടുതൽ ആഴത്തിൽ നിന്നാണ് മത്സ്യക്കുഞ്ഞുങ്ങളെ പിടികൂടുന്നത്.ഇവയെ ആന്ധ്ര,ഒഡിഷ, ഗുജറാത്ത്,ഗോവ, തമിഴ്നാട്,കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് കയറ്റി അയക്കുന്നത്. ഇതിനായി വടക്കൻ ജില്ലകൾ കേന്ദ്രീകരിച്ച് മാഫിയകൾ തന്നെ പ്രവർത്തിച്ചു വരുന്നുണ്ടെന്ന് പറയുന്നു. കൂടാതെ ലക്ഷങ്ങൾ വിലമതിക്കുന്ന ഫിഷ് ഓയിലും, ഫിഷ് പൗഡറും ഉണ്ടാക്കാൻ മത്സ്യക്കുഞ്ഞുങ്ങളെ ഉപയോഗിക്കുന്നതായും ആക്ഷേപം ഉയരുന്നുണ്ട്.
കേരളത്തിലെ മത്സ്യാഹാര പ്രേമികൾക്ക് ഇഷ്ടപ്പെട്ട മത്സ്യ വിഭവമാണ് മത്തി. മത്തി കുഞ്ഞുങ്ങളെ പിടികൂടുന്നത് കാരണം മുൻ വർഷങ്ങളിൽ മത്തിയുടെ ലഭ്യത കുറഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. മത്സ്യക്കുഞ്ഞുങ്ങൾക്ക് മുൻ വർഷങ്ങളേക്കാൾ ഇരട്ടി വിലയും ലഭിക്കുന്നുണ്ട്.ഒരു ബോക്സിന് നാൽപതും 50 വും രൂപയ്ക്കു വിറ്റിരുന്ന മത്സ്യക്കുഞ്ഞുങ്ങൾക്ക് ഇപ്പോൾ അന്യസംസ്ഥാനത്ത് 4000 രൂപയ്ക്ക് വരെ നൽകുന്നു വെന്നു പറയപ്പെടുന്നു. വൻ ലാഭത്തിൽ കണ്ണു നട്ടാണ് ആഴക്കടൽ അരിച്ചുപൊറുക്കി മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നത്. ഇത് മത്സ്യസമ്പത്തിന് വലിയ ഭീഷണിയാണെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പറയുന്നുണ്ട്.
കടലിൽ നിന്ന് ചെറുമീനുകളെ പിടികൂടുന്നത് തടയാൻ വരും ദിവസങ്ങളിലും ശക്തമായ പരിശോധനകൾ തുടരുമെന്ന് ഫിഷറീസ് വകുപ്പ് അധികൃതർ പറയുമ്പോഴാണ് മത്സ്യ മാർകറ്റുകളിൽ മത്തിക്കുഞ്ഞുങ്ങളുടെ വിൽപ്പന പൊടിപൊടിക്കുന്നത്.







