കാസർകോട്:കിനാനൂര്‍ വില്ലേജിലെ മേലടക്കംകുന്ന് സ്വദേശിനി കെ കുംഭയുടെ ഭൂമിയുടെ രേഖക്കായുള്ള ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമം. 72 കാരി യായ കുംഭ 50 വര്‍ഷത്തിലധികമായി താമസിച്ചുവരുന്ന ഭൂമിക്കു കാസര്‍കോട് നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല പട്ടയമേളയില്‍ പട്ടയം ലഭിച്ച പട്ടയമേള യുടെ ഉദ്ഘാടന ചടങ്ങിൽ മന്ത്രി കെ. എം ഷാജിയിൽ നിന്നാണ് കുംഭ പട്ടയം ഏറ്റുവാങ്ങിയത്. മൂന്ന് പെണ്‍മക്കളുള്ള കുംഭയുടെ ഭര്‍ത്താവ് 40 വര്‍ഷം മുമ്പ് മരിച്ചതാണ്. ഇപ്പോള്‍ ഇളയ മകള്‍ രജിതക്കൊപ്പമാണ് താമസം. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ മന്ത്രിയില്‍നിന്ന് പട്ടയം ഏറ്റുവാങ്ങാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് കുംഭ പ്രതികരിച്ചു.
സുലോചനക്ക് സ്വപ്‌നസാക്ഷാത്കാരം
അജാനൂര്‍ കടപ്പുറത്തെ സുലോചനക്കിത് സ്വപ്‌ന സാക്ഷാത്കാരം. പതിറ്റാണ്ടുകളായി താമസിച്ചുവരുന്ന നാലര സെന്റ് ഭൂമിയുടെ പട്ടയം മന്ത്രി കെ.എം ഷാജിയില്‍നിന്ന് നിറചിരിയോടെ ഏറ്റുവാങ്ങി. അജാനൂര്‍ ഗവ. ഫിഷറീസ് യു.പി സ്‌കൂളില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സുലോചനക്ക് നാല് ആണ്‍മക്കളും മൂന്ന് പെണ്‍മക്കളുമുണ്ട്. നാല് ആണ്‍മക്കളും മത്സ്യത്തൊഴിലാളികളാണ്. ഏറെ കാലമായി പട്ടയത്തിനായുള്ള കാത്തിരിപ്പിലായിരുന്നെന്ന് സുലോചന പറഞ്ഞു. മകന്‍ വിനോദിനും മകള്‍ ലളിതക്കുമൊപ്പമാണ് താമസം.







