കാസര്‍കോട്: വീട്ടു വളപ്പില്‍ അതിക്രമിച്ചു കയറി മൂന്ന് പേരെ വെട്ടിപരിക്കേല്‍പ്പിച്ച കേസിലെ പ്രതിയുടെ വീടിന് തീയിട്ടു. അമ്പലത്തറ, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അട്ടേങ്ങാനം വെള്ളമുണ്ടയിലെ ശരത്തിന്റെ വീടിനാണ് തീയിട്ടത്. എപ്പോഴാണ് തീയിട്ടതെന്ന് വ്യക്തമല്ല. അമ്പലത്തറ എസ്‌ഐ പ്രകാശന്റെ നേതൃത്വത്തില്‍ പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടയിലാണ് വീട് കത്തി നശിച്ച നിലയില്‍ കാണപ്പെട്ടത്. സെപ്തംബര്‍ 28നും ഒക്ടോബര്‍ നാലിനും ഇടയിലുള്ള ഏതോ ദിവസമായിരിക്കും തീയിട്ടതെന്നു സംശയിക്കുന്നു.
സെപ്തംബര്‍ 28ന് ശരത് അയല്‍വീടുകളില്‍ അതിക്രമിച്ചു കയറി ദമ്പതികളടക്കം മൂന്ന് പേരെ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. പ്രസ്തുത സംഭവത്തില്‍ അമ്പലത്തറ പൊലീസ് ശരത്തിനെതിരെ കേസെടുക്കുകയും അറസ്റ്റു ചെയ്യകയും ചെയ്തിരുന്നു. കോടതി നിര്‍ദ്ദേശ പ്രകാരം ശരത് ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമ സംഭവത്തിന് ശേഷം വീട് അടഞ്ഞു കിടക്കുകയായിരുന്നു. ശരത് അക്രമിച്ചതിന്റെ വിരോധത്തില്‍ വീടിന് ആരോ തീയിട്ടതാണെന്നു സംശയിക്കുന്നു.







