കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെര്‍മുദെ, പെരിയടുക്കയില്‍ വര്‍ക്ക് ഷോപ്പില്‍ വച്ചിരുന്ന കാറിനു തീയിട്ടതിനു പിന്നാലെ ബദിയഡുക്കയിലും തീക്കളി. ജി.മുഹമ്മദ് കാന്തില എന്നയാളുടെ ഉടമസ്ഥതയില്‍ ബദിയഡുക്ക പൊലീസ് സ്റ്റേഷനു സമീപത്ത് പ്രവര്‍ത്തിക്കുന്ന വിറക് ഡിപ്പോ കം ഗോഡൗണിനു തീയിട്ടു. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന പത്തു ലക്ഷം രൂപ വില വരുന്ന ചണച്ചാക്കുകളും ഗുഡ്‌സ് ഓട്ടോയും ലക്ഷകണക്കിനു രൂപയുടെ വിറകും കത്തി നശിച്ചു.
ഇന്ന് (ഞായര്‍) പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം. തീയാളി പടരുന്നതു കണ്ട പരിസരവാസികള്‍ വിവരം ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. കാസര്‍കോട് നിന്നും രണ്ടു യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. എത്തിച്ച വെള്ളം തികയാതെ വന്നതോടെ സമീപത്തെ കിണറില്‍ നിന്നും വെള്ളം ശേഖരിച്ചാണ് തീയണയ്ക്കാന്‍ ഉപയോഗിച്ചത്.
തീവെയ്പ്പിനു പിന്നിലെന്നു കരുതുന്ന ആളുടെ ദൃശ്യം സി സി ടി വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.ദൃശ്യം കേന്ദ്രീകരിച്ച് അക്രമിയെ കണ്ടെത്താനാണ് ശ്രമം.







