കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വീണ്ടും കോഴിപ്പോര്. ഭജന മന്ദിര പരിസരത്തെ ഒഴിഞ്ഞ പൊതുസ്ഥലത്ത് കോഴി അങ്കം നടത്തുകയായിരുന്ന രണ്ട് പേരെ പൊലീസ് അറസ്റ്റു ചെയ്തു. സ്ഥലത്ത് നിന്ന് അഞ്ച് അങ്കക്കോഴികളെയും പിടികൂടി.
ബാഡൂര്‍, ബാഡൂര്‍പദവ് ഹൗസിലെ ബി.കെ സീതാരാമ (46), കിദൂര്‍, മഹാലിംഗേശ്വര ക്ഷേത്രത്തിനു സമീപത്തെ കജൂര്‍ ഹൗസില്‍ ജെ. ദീക്ഷിത് (25) എന്നിവരെയാണ് കുമ്പള എസ്‌ഐ സന്തോഷ് വട്ടിയംവീട്ടിലിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
ഇന്നലെ (ശനി) വൈകുന്നേരം ആറു മണിയോടെ ഹേരൂര്‍ മഹാവിഷ്ണു അയ്യ പ്പ സ്വാമി ഭജന മന്ദിരത്തിനു സമീപത്താണ് കോഴിക്കേട്ട് നടന്നത്. 20ല്‍പ്പരം ആളുകള്‍ ചേര്‍ന്നാണ് കോഴിയങ്കം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പൊലീസിനെ കണ്ടതോടെ മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. അടുത്തിടെയായി ഇത് മൂന്നാം തവണയാണ് കുമ്പള പൊലീസ് കോഴിക്കെട്ട് പിടികൂടുന്നത്.







