കാസര്‍കോട് : പൈക്ക മൈത്രി സാംസ്‌കാരിക വേദി അന്താരാഷ്ട്ര വയോജന ദിനത്തിന്റെയും ഗാന്ധിജയന്തിയുടെയും ഭാഗമായി സംഘടിപ്പിച്ച സ്‌നേഹസ്പര്‍ശം വയോജന സംഗമം ശ്രദ്ധേയമായി. പരിപാടിയില്‍ പ്രദേശത്തെ നൂറോളം മുതിര്‍ന്ന പൗരന്മാര്‍ പങ്കെടുത്തു.
പഴയകാല ഓര്‍മ്മകളും ജീവിതാനുഭവങ്ങളും പങ്കുവച്ച അവര്‍ സൗഹൃദവും സ്‌നേഹവും പങ്കു വച്ചു. മറന്നുപോയ ബാല്യകാല ഓര്‍മ്മകളും നാട്ടുവിശേഷങ്ങളും ജീവിതത്തിലെ അനുഭവങ്ങളും പങ്കുവെച്ചത് പരിപാടിക്ക് നിര്‍മല ഭാവം പകര്‍ന്നു.
പ്രായത്തിന്റെ പരിമിതികള്‍ മറന്ന് മുതിര്‍ന്നവര്‍ പാട്ടുപാടി, നൃത്തം ചെയ്തു. രണ്ട് മണിക്കൂറോളം ആടിയും ആഘോഷിച്ചും സന്തോഷത്തോടെ അവര്‍ ചെലവഴിച്ചു. പരസ്പരം പരിചയപ്പെടാനും പഴയ സൗഹൃദങ്ങള്‍ പുതുക്കാനും പുതിയ ബന്ധങ്ങള്‍ സൃഷ്ടിക്കാനും സംഗമം വേദിയായി.
വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിനും സാമൂഹിക ഇടപെടലുകള്‍ക്കും ഇത്തരം കൂട്ടായ്മകള്‍ ഏറെ പ്രാധാന്യമുള്ളതാണെന്ന് സംഘാടകര്‍ പറഞ്ഞു. സ്‌നേഹവും പരിഗണനയും പങ്കുവെച്ച് മുതിര്‍ന്നവരെ സമൂഹത്തിന്റെ സജീവ ഭാഗമാക്കി നിലനിര്‍ത്തേണ്ടതിന്റെ സന്ദേശം കൂടിയായി ”സ്‌നേഹസ്പര്‍ശം” മാറി.
കൂക്കള്‍ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഷാഫി ചൂരിപ്പള്ളം അധ്യക്ഷത വഹിച്ചു. വിജയന്‍ ശങ്കരമ്പാടി, പഞ്ചാ. മെമ്പര്‍ പി ശൈലജ, റിട്ട. അദ്ധ്യാപകരായ ഗോവിന്ദന്‍ കാട്ടൂര്‍, ബി കൊറഗന്‍, ജമാ അത്ത് പ്രസി. പി എം മുഹമ്മദ് കുഞ്ഞി ഹാജി,ബി കെ ബഷീര്‍ പൈക്ക, ഹനീഫ, റഹ്‌മാന്‍ ചാത്തപ്പാടി, ബി ഗംഗാധരന്‍, ബഷീര്‍ പാറത്തോട്, ബി ചിത്രകുമാരി പ്രസംഗിച്ചു.







