തിരുവനന്തപുരം: ഒരിടവേളയ്ക്കുശേഷം സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. ഇന്ന് 3 ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പു പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും മഴമുന്നറിയിപ്പില്ല. ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലും യെല്ലോ അലര്‍ട്ട് കേന്ദ്രകാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചു. തെക്കന്‍ ജില്ലകളില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെങ്കിലും വടക്കന്‍ കേരളത്തില്‍ സാധാരണയില്‍ കുറഞ്ഞ മഴയേ ലഭിക്കൂ. ഈ ആഴ്ചയോടുകൂടി കാലവര്‍ഷം അവസാനിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. കാലവര്‍ഷ കലണ്ടര്‍ അവസാനിക്കുമ്പോള്‍ കേരളത്തില്‍ ഇത്തവണ വലിയ മഴക്കുറവാണ് രേഖപ്പെടുത്തിയത്. ജൂണ്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം 1446.5 മില്ലിമീറ്റര്‍ മഴ മാത്രമാണ് സംസ്ഥാനത്ത് ലഭിച്ചത്. 1901ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഏഴാമത്തെ മഴക്കാലമാണിത്.
മണ്‍സൂണിനെ അപേക്ഷിച്ച് തുലാവര്‍ഷത്തിന്റെ സ്വഭാവം കൂടുതല്‍ പ്രവചനാതീതമാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദങ്ങളുടെയും ചുഴലിക്കാറ്റുകളുടെയും സഞ്ചാരപഥത്തെ ആശ്രയിച്ചായിരിക്കും കേരളത്തിലെ തുലാവര്‍ഷ ലഭ്യത. അനുകൂലമായ ഒന്നോ രണ്ടോ ചുഴലിക്കാറ്റുകള്‍ രൂപപ്പെട്ടാല്‍ പോലും മഴയുടെ അളവില്‍ വലിയ മാറ്റങ്ങളുണ്ടായേക്കാം.








