മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ പാര്‍ട്ടിക്കുള്ളില്‍ പടപ്പുറപ്പാട്; വിവരാവകാശത്തില്‍ കുടുക്കിനു നീക്കം

ബോവിക്കാനം: സ്വന്തം പാര്‍ട്ടിയുടെ പഞ്ചായത്ത് ഭരണ സമിതി പ്രസിഡന്റിനെതിരെ യൂത്ത് ലീഗ് മുളിയാര്‍ പഞ്ചായത്ത് ജന. സെക്രട്ടറി പടപ്പുറപ്പാട് ആരംഭിച്ചു.
പഞ്ചായത്ത് സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറിയെ ക്ഷണിച്ചില്ലെന്നതാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കമെന്നു പറയുന്നു. ഇത് പാര്‍ട്ടിയില്‍ പുകച്ചില്‍ ഉണ്ടാക്കിയിരുന്നുവെന്നും അതാണിപ്പോള്‍ പൊട്ടിത്തെറിയുടെ വക്കിലേക്കു നീങ്ങുന്നതെന്നും പ്രവര്‍ത്തകര്‍ പറയുന്നു.
ഭരണത്തിന്റെ നിഴലില്‍ നടന്ന ഇടപാടുകളെല്ലാം കണ്ടെത്തുന്നതിനു യൂത്ത്‌ലീഗ് പഞ്ചായത്തു ജനറല്‍ സെക്രട്ടറി ഷമീര്‍ അല്ലാമ സെപ്റ്റംബര്‍ 22ന് വിവരാവകാശ നിയമപ്രകാരം പഞ്ചായത്ത് അധികൃതര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചു.
മുസ്ലീംലീഗിന്റെ ജില്ലയിലെ പ്രമുഖ നേതാക്കളിലൊരാളും രാഷ്ട്രീയ പ്രവര്‍ത്തന രംഗത്തു സത്യസന്ധത പാലിക്കുന്നയാളുമെന്ന് പൊതുവെ അറിയപ്പെടുന്ന കെ ബി മുഹമ്മദ് കുഞ്ഞിയാണ് പഞ്ചായത്ത് പ്രസിഡന്റ്. ഇദ്ദേഹം പഞ്ചായത്ത് പ്രസിഡന്റായ ശേഷം പദ്ധതി ഇനത്തിലും മെയിന്റനന്‍സ് ഗ്രാന്റ് ഇനത്തിലും എത്ര തുക മുളിയാര്‍ ഗ്രാമപഞ്ചായത്തിനു ലഭിച്ചിട്ടുണ്ട്. ഇതിനു പുറമെ മറ്റേതെങ്കിലും ഫണ്ട് ലഭ്യമായിട്ടുണ്ടോ? ഈ ഫണ്ടുകള്‍ ഏതൊക്കെ പ്രവര്‍ത്തിക്കാണ് വകയിരുത്തിയത്. അതില്‍ ഏതൊക്കെ പദ്ധതികള്‍ക്കാണ് ഡി പി സി അംഗീകാരം ലഭിച്ചത്. ആ പദ്ധതികള്‍ ഏതൊക്കെ? അവക്ക് വിലയിരുത്തിയ തുകകള്‍ എത്ര വീതം?

കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി അധികാരം വിടുമ്പോള്‍ തനത് ഫണ്ടില്‍ എത്ര രൂപയുണ്ടായിരുന്നുവെന്നും ഈ മാസം 20 വരെ തനത് ഫണ്ടില്‍ എത്ര രൂപയുണ്ടെന്നും ഇത് ഏതൊക്കെ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണെന്ന് ഇനം തിരിച്ച് അറിയിക്കണമെന്നും ഷമീര്‍ ആവശ്യപ്പെട്ടു. 2024-26 വര്‍ഷത്തെ സ്പില്‍ ഓവര്‍ വര്‍ക്കുകളേതൊക്കെയാണെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് ഈ സാമ്പത്തിക വര്‍ഷം എത്ര തുക വകയിരുത്തിയിട്ടുണ്ടെന്നും ആരാഞ്ഞു. 25-26ലെ മെയിന്റനന്‍സ് ഗ്രാന്റ് ഏതൊക്കെ റോഡിന് നീക്കി വച്ചു.

ഓരോ റോഡിനും നീക്കിവച്ചിട്ടുള്ള തുക എത്ര? മെയിന്റനന്‍സ് ഗ്രാന്റ് റോഡുകള്‍ക്കല്ലാതെ മറ്റേതെങ്കിലും വര്‍ക്കുകള്‍ക്ക് മാറ്റി വച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതിന് എത്ര രൂപയാണ് വക കൊള്ളിച്ചിട്ടുള്ളത്. ഗ്രാമ പഞ്ചായത്തിന് സ്വന്തമായി എത്ര വാഹനങ്ങള്‍ ഉണ്ട്. ഡ്രൈവര്‍മാരുടെ ശമ്പളം എത്ര? ഇന്ധനത്തിന് ഈ പഞ്ചായത്ത് ഭരണസമിതി എത്ര രൂപ ചെലവാക്കി? പഞ്ചായത്തിന്റെയോ പ്രസിഡന്റിന്റെയോ ആവശ്യത്തിന് വാഹനം വാടകക്കെടുത്തിട്ടുണ്ടോ എന്നും അതിന് എത്ര തുക ചെലവാക്കിയിട്ടുണ്ടെന്നും ഷമീര്‍ ആരായുന്നുണ്ട്. ചോദ്യങ്ങള്‍ ന്യായമാണെങ്കിലും അതെല്ലാം ഒരു വ്യക്തിയെ ഉന്നം വച്ചാണെന്നു നാട്ടുകാര്‍ പറയുന്നു. ഇത് ഭരണമുന്നണിയുടെ കെട്ടുറപ്പിനും പഞ്ചായത്ത് ഭരണസമിതിയുടെ തുടര്‍ പ്രവര്‍ത്തനത്തിനും ഉലച്ചില്‍ ഉണ്ടാക്കിയേക്കുമോ എന്നും ആശങ്കയുയര്‍ന്നിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്കൂളിലേയ്ക്കുള്ള ഓട്ടോ യാത്രക്കിടയില്‍ മൂന്നു പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം; ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരെ വനിതാ പൊലീസ് സ്റ്റേഷനിലും ബദിയഡുക്കയിലും വെള്ളരിക്കുണ്ടിലും പോക്‌സോ കേസ്
Scroll to top

You cannot copy content of this page