ഇരിട്ടി: വിസ വാഗ്ദാനം ചെയ്ത് വീട്ടമ്മയുടെ 2,25,000 രൂപ തട്ടിയെടുത്ത കേസിലെ പ്രതി പത്ത് വര്‍ഷത്തിന് ശേഷം പിടിയില്‍. കാഞ്ഞിരോട് പുറവൂരിലെ പള്ളിക്കല്‍ പുതിയകത്ത് അബ്ബാസിനെ (55) ആണ് ഇരിട്ടി ഡിവൈ.എസ്.പി പി.കെ.ധനഞ്ജയബാബുവിന്റെ മേല്‍നോട്ടത്തില്‍ എസ്.ഐ സി.സനിത്തും സംഘവും അറസ്റ്റ് ചെയ്തത്. 2015 ലാണ് കേസിനാസ്പദമായ സംഭവം. ഇരിട്ടി സ്വദേശിനിയും കുടകില്‍ താമസക്കാരിയുമായ സുബൈദയുടെ പണമാണ് വിസ വാഗ്ദാനം ചെയ്ത് പ്രതി തട്ടിയെടുത്തത്. വീട്ടമ്മ പരാതി നല്‍കിയതോടെ അബ്ബാസ് ഒളിവില്‍ പോയി. പിന്നീട് നാട്ടിലെത്തിയില്ല. ഇയാളെ തേടി പൊലീസ് അന്വേഷണം നടത്തിയെങ്കിലും സമര്‍ത്ഥമായി രക്ഷപ്പെടുകയായിരുന്നു. ഫോണ്‍ ഉപയോഗിക്കാറില്ല. അതിനിടെ പ്രതി നാട്ടിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചു. പിടികൂടാന്‍ പൊലീസ് വീട്ടിലെത്തിയെങ്കിലും കുടുംബസമേതം വയനാട്ടിലേക്ക് വിനോദസഞ്ചാരത്തിന് പോയതായി വിവരം ലഭിച്ചു. ഇതോടെ പൊലീസ് വയനാട്ടിലേക്ക് തിരിച്ചു. ബുധനാഴ്ച രാത്രിയോടെ കാരാപ്പുഴ ഡാമിന് സമീപം വെച്ച് പ്രതിയെ പിടികൂടി. വ്യാഴാഴ്ച രാവിലെ ഇരിട്ടിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. സി.പി.ഒ രതീഷ്, റൂറല്‍ എസ്.പിയുടെ സ്‌ക്വാഡംഗങ്ങളായ കെ.ജെ ജയദേവന്‍, ഷിജിത്ത് തില്ലങ്കേരി എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.








