ശുചിത്വം മഹത്വം; മാര്‍ക്കറ്റ് റോഡില്‍ മലിനജലം ഒഴുകുന്നു

കാസര്‍കോട്: നവീകരിക്കുന്തോറും കാസര്‍കോട് മത്സ്യ മാര്‍ക്കറ്റില്‍ മാലിന്യം ദുസ്സഹമാവുന്നു. മലിനജലം ചവിട്ടി മത്സ്യം വാങ്ങാന്‍ എത്തുന്നവരുടെ ചോദ്യവും, ആശങ്കയും നഗരത്തിലാകെ സ്പന്ദിക്കുന്നു. മലിനജലം മാര്‍ക്കറ്റില്‍ നിന്ന് പുറത്തേക്ക് ഒഴുകുന്നതാണ് ദുരിതമാകുന്നത്. മത്സ്യ വില്‍പനയ്ക്ക് ശേഷം മാര്‍ക്കറ്റില്‍ ശുചീകരണമില്ലാത്തതാണ് ഇങ്ങനെയൊരു അവസ്ഥയ്ക്ക് കാരണമെന്ന് മത്സ്യം വാങ്ങാന്‍ എത്തുന്നവര്‍ പറയുന്നു. മാര്‍ക്കറ്റിനുളളില്‍ കടന്നാലും ദുര്‍ഗന്ധത്തിനു കുറവില്ല. അവിടെ മലിനജലത്തിനൊപ്പം മാലിന്യങ്ങളും കെട്ടിക്കിടക്കുന്നു.
മത്സ്യ മാര്‍ക്കറ്റ് ആധുനിക രീതിയില്‍ നിര്‍മ്മിക്കുന്നതിനു നഗരസഭ ഇപ്പോള്‍ സര്‍ക്കാറിനെ സമീപിച്ചിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച ജില്ലയില്‍ എത്തിയ ഫിഷറീസ് മന്ത്രിക്ക് ഇത് സംബന്ധിച്ച് നിവേദനം നല്‍കുകയും ചെയ്തിട്ടുണ്ട്.
മത്സ്യ മാര്‍ക്കറ്റിനകത്തുള്ള മത്സ്യ വില്‍പന കേന്ദ്രമടക്കമുള്ള കെട്ടിടങ്ങളൊക്കെ തീരെ വൃത്തിയില്ലാതെയാണ് കിടക്കുന്നത്. മത്സ്യ മാര്‍ഗത്തിനടുത്തുള്ള കെട്ടിടത്തില്‍ നിരവധി ഇറച്ചിക്കടകളുമുണ്ട്. മീന്‍ വെള്ളം പാതയോരങ്ങളില്‍ ഒഴുക്കുന്നവരെ പിടിച്ച് പിഴ ഈടാക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ്-ആരോഗ്യ വകുപ്പ് അധികൃതര്‍ എപ്പോഴെങ്കിലും ഒന്ന് കാസര്‍കോട് മത്സ്യമാര്‍ഗ്ഗത്തിലേക്ക് തിരിഞ്ഞു നോക്കണമെന്നു മത്സ്യം വാങ്ങാന്‍ എത്തുന്നവര്‍ പറയുന്നു.
മത്സ്യ വില്‍പന തൊഴിലാളികള്‍ക്ക് ഒരുമയുണ്ടെങ്കില്‍ വൈകുന്നേരങ്ങളില്‍ മാര്‍ക്കറ്റ് പൂര്‍ണ്ണമായും ശുചീകരിച്ച് പോകാന്‍ പറ്റും അതല്ലെങ്കില്‍ നഗരസഭ ശുചീകരണ ജോലിക്കാരെക്കൊണ്ട് ഇതു ചെയ്യിക്കാവുന്നതാണ്. നഗരസഭയ്ക്കാണെങ്കില്‍ ശുചീകരണ തൊഴിലാളികളുമുണ്ട്. എന്നാല്‍ ഇത് ആര് ചെയ്യുമെന്നതാണ് ചോദ്യം.
ജില്ലാ ഭരണകൂടവും, തദ്ദേശസ്വയംഭരണ വകുപ്പും ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് നടത്തുന്ന ശുചീകരണ യജ്ഞം കാസര്‍കോട് മത്സ്യമാര്‍ക്കറ്റില്‍ നിന്നു തുടങ്ങിയിരുന്നെങ്കിലെന്നു നഗരവാസികള്‍ ആഗ്രഹിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page