മരിച്ചെന്ന് കരുതിയ ആളെ പൊലീസ് കണ്ടെത്തി; ആധാറില്‍ പേര് തിരുത്തി ഒളിവില്‍ കഴിഞ്ഞ പിടികിട്ടാപ്പുള്ളി 13 വര്‍ഷത്തിന് ശേഷം പിടിയില്‍

കണ്ണൂര്‍: നിരവധി കഞ്ചാവ് കടത്ത് കേസുകളില്‍ പ്രതിയായ മധ്യവയസ്‌കന്‍ 13 വര്‍ഷത്തിന് ശേഷം പൊലീസിന്റെ പിടിയിലായി. ഇരിട്ടി മട്ടിണി സ്വദേശി കിഴക്കുംപുറം കെ.ടി.ജോസ് (56) ആണ് അറസ്റ്റിലായത്.
ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ് സമര്‍ത്ഥമായ അന്വേഷണത്തിലൂടെ ആന്ധ്രാപ്രദേശില്‍ നിന്ന് പ്രതിയെ പിടികൂടിയത്. 2012 ല്‍ ജോസിന്റെ വീട്ടില്‍ നിന്ന് എട്ട് കിലോ കഞ്ചാവ് പിടികൂടിയിരുന്നു. കേസില്‍ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങി ഒളിവില്‍ പോവുകയായിരുന്നു. പിന്നീട് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ജോസ് മരിച്ചെന്നായിരുന്നു ഇതുവരെ ബന്ധുക്കളും നാട്ടുകാരും കരുതിയത്. വീട്ടുകാര്‍ അത് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. മാതാവിന്റെയും സഹോദരന്റെയും മരണസമയത്ത് പോലും നാട്ടില്‍ വന്നില്ല. ഇതോടെ ജോസ് മരിച്ചതായി ആളുകള്‍ വിശ്വസിച്ചു. അതിനിടെയാണ് പഴയ കേസ് അന്വേഷണത്തില്‍ ജീവന്‍ വച്ചത്. ജോസ് ഇടക്കിടെ ആന്ധ്രയില്‍ പോയി വരുന്നതായും അവിടെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വ്യാപാരം നടത്തിയിരുന്നതായും പൊലീസിന് വിവരം ലഭിച്ചു. അന്വേഷണസംഘം ആഴ്ചകളോളം വിശാഖപട്ടണത്തു താമസിച്ച് മലയാളികള്‍ വഴി അന്വേഷണം നടത്തി. ആന്ധ്രാപ്രദേശ്-ഒഡീഷ അതിര്‍ത്തിയിലെ ഒരു ഗ്രാമത്തില്‍ കോഴി ഫാം നടത്തിവരുന്ന ഒരാളെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ജോസിനെ കുറിച്ച് സൂചന ലഭിച്ചത്. പൊലീസ് അവിടെയെത്തി ഇയാളെ കണ്ടെങ്കിലും ആന്ധ്രക്കാരനാണെന്ന് പറയുകയും അത് തെളിയിക്കാനുള്ള ആധാര്‍ കാര്‍ഡ് കാണിക്കുകയും ചെയ്തു. കോറ ജോഷ് ബാബു എന്നായിരുന്നു ആധാര്‍ കാര്‍ഡിലെ പേര്. നിരാശരായി നാട്ടിലേക്ക് മടങ്ങവെ അന്വേഷണസംഘം ഒടുവില്‍ മറഞ്ഞിരുന്ന് ഇയാളുടെ നീക്കം ശ്രദ്ധിച്ചു. അപ്പോഴാണ് ഫോണില്‍ മലയാളത്തില്‍ സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പിടികൂടി ചോദ്യംചെയ്തപ്പോഴാണ് ജോസ് ആണെന്ന് ഇയാള്‍ സമ്മതിച്ചത്. കണ്ണൂര്‍ എ.സി.പി എം.പി.ആസാദ്, നര്‍ക്കോട്ടിക്ക് സെല്‍ എ.സി.പി വി.വി.മനോജ് എന്നിവരുടെ നേതൃത്വത്തില്‍ എസ്.ഐമാരായ വിനോദ്, ഷാജി, എ.എസ്.ഐമാരായ രാജീവന്‍, സ്നേഹേഷ്, സജിത്ത്, ലെവന്‍, സി.പി.ഒമാരായ നാസര്‍, അനൂപ്, ഷംസീര്‍ അഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page