കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കിദൂര്‍ മഹാദേവ ക്ഷേത്രത്തിന് സമീപത്തെ ഒഴിഞ്ഞ പറമ്പിലെ കോഴിക്കെട്ട് കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്. രണ്ട് പൂവന്‍ കോഴികളുമായി മൂന്നു പേര്‍ അറസ്റ്റില്‍. സ്ഥലത്ത് നിന്ന് 1030 രൂപയും പിടികൂടി. ബേള, ചൗക്കാറുവിലെ അക്ഷയ് (34), കിദൂര്‍ സ്‌കൂളിനു സമീപത്തെ ജനാര്‍ദ്ദന (35), മിയാപ്പദവ് അടുക്കത്തുഗുരിയിലെ ഗംഗാധര മൂല്യ (63) എന്നിവരെയാണ് കുമ്പള എസ്‌ഐ കെ.പി ഗണേശനും സംഘവും അറസ്റ്റു ചെയ്തത്. കോഴിക്കെട്ട് നടക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ (തിങ്കള്‍) വൈകിട്ട് പൊലീസ് സംഘം സ്ഥലത്ത് എത്തിയത്. പൊലീസ് എത്തുമ്പോള്‍ 30ല്‍പ്പരം ആള്‍ക്കാര്‍ സ്ഥലത്ത് കൂടി നിന്നിരുന്നു. പൊലീസിനെ കണ്ടതോടെ ആള്‍ക്കാര്‍ ചിതറിയോടിയെങ്കിലും മൂന്നു പേരെ കയ്യോടെ പിടികൂടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിടിയിലായവരെ നോട്ടീസ് നല്‍കി വിട്ടയച്ചതായും കോഴികളെയും പണവും കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു.







