നാരായണന്‍ പേരിയ
കേരളം മതേതരമാണ് എന്ന് നാം അഭിമാനത്തോടെ പറയുമ്പോള്‍ അതിന്റെ പൂര്‍ണ്ണമായ അവകാശം ശ്രീനാരായണഗുരുവിനുള്ളതാണ്. വര്‍ക്കല ശിവഗിരിയില്‍ എണ്‍പത്തൊമ്പതാം ഗുരുസമാധി ദിനാചരണവും ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സമാധി- ശതാബ്ദി ആചരണവും ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. നവോത്ഥാനത്തിന്റെ വെളിച്ചത്തിലേയ്ക്ക് കൈപിടിച്ചു നടത്തി കേരളത്തെ മുന്നോട്ട് നയിച്ചത് ഗുരുദേവനാണ് എന്ന് വിശ്വസിക്കുന്ന ശ്രീനാരായണീയനാണ് താന്‍ എന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു.
ജ്ഞാനത്തില്‍ ശങ്കരാചാര്യരും സ്നേഹത്തില്‍ ക്രിസ്തുവും അഹിംസയില്‍ ശ്രീ ബുദ്ധനും, സാഹോദര്യത്തില്‍ മുഹമ്മദ് നബിയും, ഭരണ നൈപുണ്യത്തില്‍ മനുവും യോഗത്തില്‍ പതഞ്ജലിയുമായ നാരായണ ഗുരു മഹാത്മാക്കളുടെയെല്ലാം പൂര്‍ണ്ണ രൂപമായിരുന്നു എന്ന് ചടങ്ങില്‍ അധ്യക്ഷതവഹിച്ച ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡണ്ട് സ്വാമി സച്ചിദാനന്ദ പറഞ്ഞു.
സെപ്റ്റംബര്‍ 21ന് ആയിരുന്നു ചടങ്ങ്. വാര്‍ത്ത 22ന്റെ മാതൃഭൂമിയില്‍.
‘കേരളം മതേതരം’ മതേതര രാഷ്ട്രമായ ഇന്ത്യയിലെ ഒരു സംസ്ഥാനമായിരിക്കെ കേരളം മതേതരമാകാതെ നിര്‍വാഹമില്ലല്ലോ. ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന ഗുരുദേവ ചിന്ത കേരളത്തിന്റെ മതമായി മാറി എന്ന് മുഖ്യമന്ത്രി. ഗുരു പറഞ്ഞത്, ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്/ ഒരു യോനി, ഒരാകാരം/ഒരു ഭേദവുമില്ലതില്‍ എന്നായിരുന്നു. കേരളത്തിന് മാത്രമായിട്ട് ഒരു പ്രത്യേക മതം സൃഷ്ടിക്കുകയായിരുന്നില്ല ഗുരു. ജാതിമതഭേദചിന്ത ഗുരുവിന് ഉണ്ടായിരുന്നില്ല. ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത് എന്ന ഗുരു ഉപദേശം നാം മറന്നു. ജാതിമത ഭേദ ചിന്തയില്ലാതെ നമുക്കൊരു ജീവിതമില്ലല്ലോ. ജാതിയെ നിരസിക്കുന്നതിലാണ്, നിഷേധിക്കുക മാത്രമല്ല, പാടേ ഉച്ചാടനം ചെയ്യുന്നതിലാണ് ഗുരു ശ്രദ്ധിച്ചത്. ജാതീയമായ അസമത്വങ്ങളില്‍ നിന്ന് ഇന്ത്യന്‍ ജനതയെ മുക്തമാക്കുക- അതായിരുന്നു ഗുരുവിന്റെ പരമലക്ഷ്യം.
ജാതി ഒന്നേയുള്ളൂ- അതാണ് നരജാതി. നരജാതിയില്‍ നിന്നല്ലോ/ പിറന്നീടുന്നു സന്തതി/ നരജാതിയിതോര്‍ക്കുമ്പോള്‍/ ഒരു ജാതിയിലുള്ളതാം- ഗുരു ഉപദേശിച്ചു. വിശദീകരിച്ചു. എന്നാല്‍, ശ്രീനായണീയര്‍ എന്നും മതേതര കേരളത്തിലെ പൗരന്മാരെന്നും അവകാശപ്പെടുന്ന നമുക്ക് പലജാതി. ജാതി ചോദിക്കരുത്, പറയരുത് എന്ന് ഗുരു ഉപദേശിച്ചപ്പോള്‍ നാം ജാതി ചോദിക്കുന്നു, പറയുന്നു. ജാതി ചോദിക്കണം, ജാതി പറയണം, ജാതി വിട്ടൊന്നുമേ ചെയ്തുകൂടാ. ഇതാണ് നമുക്ക് പ്രമാണം. പ്രമാണങ്ങളില്‍ പ്രസിദ്ധീകരിച്ച് കാണാറുള്ള വിവാഹ പരസ്യങ്ങള്‍- വധുവിനെ/ വരനെ ആവശ്യമുണ്ട് എന്ന പരസ്യങ്ങള്‍ തന്നെ ഉദാഹരണം. ജാതിയും ഉപജാതിയും വിട്ട് വധുവും വരനും വേണ്ട.
ദേവാലയങ്ങളല്ല, വിദ്യാലയങ്ങളും, തൊഴില്‍ ശാലകളുമാണ് നിര്‍മ്മിക്കേണ്ടത്. ഗുരു ആഹ്വാനം ചെയ്തു. എന്നാല്‍ അതും നാം അനുസരിച്ചില്ല. അവഗണിച്ചു. ദേവാലയങ്ങള്‍ പടുത്തുയര്‍ത്തി. ദേവാലയ ഭിത്തികളും മേല്‍പ്പുരയും ചവിട്ടു പടികളും സ്വര്‍ണ്ണപ്പലക കൊണ്ടുള്ളത്. സ്വര്‍ണ്ണക്കൊടിമരവും. അതാണ് നമുക്ക് വേണ്ടത്. ഉത്സവങ്ങളോടനുബന്ധിച്ച് വെടിക്കെട്ട്, ആനയെഴുന്നള്ളിപ്പ്- എല്ലാം പാഴ്ച്ചെലവുകളെന്ന് ചിന്തിക്കുന്നില്ല. ഈ മാതിരി ധൂര്‍ത്തുകള്‍ക്ക് എതിരായിരുന്നു ഗുരുദേവന്‍.
ജ്ഞാനത്തില്‍ ശങ്കരാചാര്യരും ഭരണ നൈപുണ്യത്തില്‍ മനുവും യോഗത്തില്‍ പതഞ്ജലിയും എന്ന് നാരായണഗുരുവിനെ തുല്യപ്പെടുത്തുന്നു ധര്‍മ്മ സംഘം പ്രസിഡണ്ട് സ്വാമി സച്ചിദാനന്ദ. ശങ്കരാചാര്യരും മനുവും- അവരുടെ ആദര്‍ശങ്ങള്‍ സ്വീകാര്യമായിരുന്നോ ഗുരുവിന്. അപശുദ്രാധികരണത്തില്‍ ശങ്കരാചാര്യര്‍ പറഞ്ഞത്, യാതൊരു തരത്തിലുള്ള വിദ്യയ്ക്കും ശൂദ്രര്‍ അര്‍ഹരല്ല. അതുകൊണ്ട് സ്വാതന്ത്ര്യത്തിനും അവര്‍ അയോഗ്യരാണ് എന്നാണ്. ന സ്ത്രീ ശൂദ്രോവേദമധീയതാം എന്ന് മനുസ്മൃതി. (സ്ത്രീയും ശൂദ്രനും വേദം പഠിക്കാന്‍ പാടില്ല). മനുസ്മൃതിയും ഉപനിഷത്തുക്കളുടെ ശങ്കര ഭാഷ്യങ്ങളും സ്വാമി സച്ചിദാനന്ദ വായിച്ചിരുന്നെങ്കില്‍ കഴിഞ്ഞ ദിവസം ശിവഗിരിയില്‍ ചെയ്ത പ്രസംഗം നടത്തുമായിരുന്നോ? വി ഡി സതീശന്‍ എന്ന രാഷ്ട്രീയ നേതാവിന് എന്തും പറയാം എന്നാല്‍ മഠാധിപതിയായ സ്വാമിയോ?.
ഗാന്ധിജി വര്‍ക്കലയില്‍ പോയപ്പോള്‍, നാരായണ ഗുരുവിനെ സന്ദര്‍ശിച്ചു, സംഭാഷണ മധ്യേ ഗാന്ധിജി ചോദിച്ചു. ബ്രിട്ടീഷുകാരെപ്പറ്റിയുള്ള ഗുരുവിന്റെ അഭിപ്രായം എന്താണ്?
ഗുരു പറഞ്ഞു: നാം നമ്മുടെ ഗുരുക്കന്മാരെക്കുറിച്ച് ചീത്തവാക്കുകള്‍ പറയാനും കേള്‍ക്കാനും ഉദ്ദേശിക്കുന്നില്ല.
ഗാന്ധിജി: ബ്രിട്ടീഷുകാര്‍ സ്വാമിയുടെ ഗുരുവോ? അതെങ്ങനെ?
സ്വാമി: ഹിന്ദു ഭരണാധികാരികള്‍ നമുക്ക് സന്യസിക്കാനോ, ദേവാലയം സ്ഥാപിക്കാനോ, വിദ്യാലയം നടത്താനോ ഉള്ള അനുവാദം നിഷേധിച്ചു. എന്നാല്‍ ബ്രിട്ടീഷുകാരുടെ സഹായം കൊണ്ടാണ് നമുക്ക് ഇതെല്ലാം സാധിച്ചത്. ആകയാല്‍ അവരല്ലേ നമ്മുടെ ഗുരുക്കന്മാര്‍?.
ഗുരുദേവനെക്കുറിച്ച് ഒട്ടേറെ കാര്യങ്ങള്‍ മനസ്സിലാക്കാനുണ്ട്. എല്ലാം അറിയാതെ പറയാനൊരുങ്ങരുത്- മുഖ്യമന്ത്രിയായാലും മഠാധിപതി ആയാലും.
വായില്‍ വരുന്നതെല്ലാം പാട്ടാക്കുന്ന കോതമാരാകരുത് ആരും. ഗുരുവരുള്‍ ദുര്‍വ്യാഖ്യാനം ചെയ്യരുത്.








