കാസര്‍കോട്: പാതയോരങ്ങള്‍ അടക്കമുള്ള പൊതുസ്ഥലങ്ങളില്‍ അനധികൃത ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനെതിരെ കടുത്ത നടപടിക്ക് തദ്ദേശ സ്വയംഭരണ വകുപ്പ്. ഹൈക്കോടതി നിലപാട് കടുപ്പിച്ചതോടെയാണ് തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിമാര്‍ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ബന്ധിതരായത്.
രണ്ടാഴ്ച മുമ്പാണ് ഈ വിഷയത്തില്‍ ഹൈക്കോടതി കടുത്ത വിമര്‍ശനം നടത്തിയത്. ഓരോ അനധികൃത ബോര്‍ഡിനും പാതയോരത്തെ തോരണങ്ങള്‍ക്കും കൊടിക്കും വെവ്വേറെയായി 5000 രൂപ പിഴ ഈടാക്കാനാണ് ഹൈക്കോടതി തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. സംസ്ഥാനത്ത് അങ്ങോളമിങ്ങോളം പാതയോരത്ത് സ്ഥാപിച്ച ബോര്‍ഡുകളില്‍ പിഴ ഈടാക്കാത്തത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. പിഴ ഈടാക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ തയ്യാറായില്ലെങ്കില്‍ സെക്രട്ടറിമാര്‍ക്കെതിരെ നടപടിയുണ്ടാവും. പിഴ സെക്രട്ടറിമാരില്‍ നിന്ന് തന്നെ ഈടാക്കണമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
രാഷ്ട്രീയപാര്‍ട്ടികളും സംഘടനകളും വാണിജ്യാവശ്യങ്ങള്‍ക്കായും സ്ഥാപിച്ച ബോര്‍ഡുകള്‍ കൊടി തോരണങ്ങള്‍ ബന്ധപ്പെട്ടവര്‍ നീക്കുമ്പോള്‍ പിഴ നല്‍കുന്നില്ലെങ്കില്‍ സ്ഥാപിച്ചവര്‍ക്കെതിരെ തദ്ദേശ സെക്രട്ടറിയുടെ ശുപാര്‍ശയില്‍ കേസെടുക്കാന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കണം. ബോര്‍ഡ് നീക്കാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടാല്‍ നല്‍കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.
ജില്ലയില്‍ നടപ്പാതകളിലുള്ള വൈദ്യുതി പോസ്റ്റുകളിലും, മറ്റും രാഷ്ട്രീയപാര്‍ട്ടികളുടെയും, സംഘടനകളുടെയും, മതസ്ഥാപനങ്ങളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും മറ്റും ബോര്‍ഡുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയണ്. ഇത് പലപ്പോഴും കാല്‍നടയാത്രക്കാര്‍ക്ക് ദുരിതമാകുന്നുണ്ട്. വാഹനഗതാഗതത്തിനും ഇത് തടസ്സമാകുന്നു. ഇവയൊക്കെ അടിയന്തിരമായി നീക്കാനാണ് ഹൈക്കോടതി നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സെക്രട്ടറിമാരുടെ നിര്‍ദ്ദേശം.







