നീലേശ്വരം: നീലേശ്വരം ബസ് സ്റ്റാൻഡിലെ പൊതുടോയ്‌ലറ്റിൽ യാത്രക്കാരൻ കയറിയപ്പോൾ ടോയ് ലറ്റ് സൂക്ഷിപ്പുകാരൻ പുറത്തുനിന്നു ടോയ് ലറ്റ് പൂട്ടി വീട്ടിലേക്കു പോയി. ശനിയാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം നടന്നത്. ടോയ്‌ലറ്റിനുള്ളിൽ ആളുണ്ടെന്ന കാര്യം ശ്രദ്ധിക്കാതെ ചുമതലക്കാരൻ പുറത്തു നിന്ന് വാതിൽ പൂട്ടി പോയതോടെയാണ് യാത്രക്കാരൻ അകത്ത് കുടുങ്ങിയത്.കൊന്നക്കാട് സ്വദേശിയായ യാത്രക്കാരനാണ് ദുരനുഭവത്തിന് ഇരയായത്. ടോയ്‌ലറ്റിൽ പ്രവേശിച്ച ഇയാൾ പുറത്തിറങ്ങാൻ ശ്രമിച്ചപ്പോൾ വാതിൽ പുറത്തുനിന്ന് പൂട്ടിയ നിലയിലാണെന്ന് മനസിലാക്കുകയായിരുന്നു. ഏറെ നേരം അകത്ത് കഴിയേണ്ടിവന്ന ഇയാൾ ഒടുവിൽ അടിയന്തര സേവന നമ്പറായ 112-ൽ വിളിച്ച് പോലീസിന്റെ സഹായം തേടി.വിവരം ലഭിച്ചതിനെ തുടർന്ന് നീലേശ്വരം പോലീസ് സ്ഥലത്തെത്തി. ഇതിനിടെ ടോയ്‌ലറ്റിലേക്ക് യാത്രക്കാരൻ കയറുന്നത് കണ്ടിരുന്ന ചിലർ നടത്തിപ്പുകാരനെയും വിവരം അറിയിച്ചതായി പറയുന്നു. പോലീസ് എത്തുമ്പോഴേക്കും ടോയ്‌ലറ്റ് നടത്തിപ്പുകാരനും സ്ഥലത്തെത്തിയതായാണ് വിവരം. തുടർന്ന് വാതിൽ തുറന്ന് യാത്രക്കാരനെ പുറത്തേക്ക് കൊണ്ടുവന്നു.സംഭവം ടോയ്‌ലറ്റ് നടത്തിപ്പിലെ അലംഭാവം തുറന്നു കാട്ടുന്നതാണെന്ന് നാട്ടുകാർ ആരോപിച്ചു. അകത്ത് ആരെങ്കിലും ഉണ്ടോയെന്ന് ഉറപ്പുവരുത്താതെ സ്ഥാപനം പൂട്ടിയതാണ് യാത്രക്കാരൻ ദുരിതത്തിലാകാൻ കാരണമായതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. യാത്രക്കാരന് ഗുരുതര ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായില്ലെങ്കിലും സംഭവം വലിയ സുരക്ഷാ വീഴ്ചയാണെന്നാണ് പൊതുജനങ്ങളുടെ വിലയിരുത്തൽ.ഇത് പ്രായമായ ആളോ ആരോഗ്യപ്രശ്നങ്ങളുള്ള ആളോ ആയിരുന്നെങ്കിൽ സ്ഥിതി കൂടുതൽ ഗുരുതരമാകുമായിരുന്നു.







