കാസര്‍കോട്: മാതാവ് വഴക്കു പറഞ്ഞ വിഷമത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി വീടുവിട്ടിറങ്ങി. ഒരു രാത്രി മുഴുവന്‍ നീണ്ടു നിന്ന അന്വേഷണത്തിനും പ്രാര്‍ത്ഥനകള്‍ക്കും പിന്നാലെ മകന്‍ ഇന്നു (ഞായര്‍) രാവിലെ തിരിച്ചെത്തി. ഇതോടെയയാണ് വീട്ടുകാര്‍ക്കും പൊലീസിനും ആശ്വാസമായത്.
കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളില്‍ പഠിക്കുന്ന പതിനഞ്ചുകാരന്‍ ഇന്നലെ (ശനി) വൈകുന്നേരമാണ് വീടു വിട്ടിറങ്ങിയത്. മാതാവ് ഗുണദോഷിക്കുകയും വഴക്കു പറയുകയും ചെയ്തതിനു പിന്നാലെയാണ് മകന്‍ വീട്ടില്‍ നിന്നു ഇറങ്ങിയത്. മകന്‍ തിരിച്ചുവരുമെന്നാണ് മാതാവും വീട്ടുകാരും കരുതിയത്. എന്നാല്‍ രാത്രി വൈകിയിട്ടും എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ക്കു ഭയവും ആശങ്കയുമുണ്ടായി. വിവരം പൊലീസിലും അറിയിച്ചു. പൊലീസും ബന്ധുക്കളും രാത്രി മുഴുവന്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. മാതാവടക്കമുള്ള വീട്ടുകാര്‍ കണ്ണീരുമായി കഴിയുന്നതിനിടയിലാണ് പതിനഞ്ചുകാരന്‍ ഞായറാഴ്ച രാവിലെ വീട്ടില്‍ തിരിച്ചെത്തിയത്. ഇന്നലെ രാത്രി സുഹൃത്തിന്റെ വീട്ടിലാണ് കഴിഞ്ഞിരുന്നതെന്നാണ് കുട്ടി വീട്ടുകാരോട് പറഞ്ഞത്.







