കാസര്‍കോട്: മഞ്ചശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നു ഒരേ ദിവസം രണ്ട് സ്‌കൂട്ടറുകള്‍ മോഷ്ടിച്ചു കൊണ്ടു പോയ യുവാവ് അറസ്റ്റില്‍. തലപ്പാടി സ്വദേശി സുനിലി(32)നെയാണ് ഇന്‍സ്‌പെക്ടര്‍ എം.വി വിഷ്ണു പ്രസാദിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ ശബരികൃഷ്ണന്‍, അര്‍ജുന്‍അരവിന്ദന്‍ എന്നിവര്‍ നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരുന്നു.
ഇയാള്‍ മോഷണത്തിന് എത്തിയ സ്‌കൂട്ടര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉദ്യാവറിലെ അബ്ദുല്‍ സുലൈമാന്‍ ഖാദറിന്റെ സ്‌കൂട്ടര്‍ സെപ്തംബര്‍ 20ന് ഉച്ചക്ക് 12 മണിയോടെ പൊസോട്ടു നിന്നാണ് മോഷണം പോയത്. സഹോദരിയുടെ വീട്ടുപരിസരത്തു നിര്‍ത്തിയിട്ടതായിരുന്നു സ്‌കൂട്ടര്‍.
മോഷണം സംബന്ധിച്ച് പൊലീസ് കേസെടുത്തിരുന്നു. അന്ന് തന്നെയാണ് മഞ്ചേശ്വരം, കരോടയിൽ നിന്നു മലപ്പുറം സ്വദേശിയായ ഷംനാദ് അലി സുലൈമാന്റെ സ്‌കൂട്ടര്‍ മോഷണം പോയത്. ഈ സംഭവത്തിലും പൊലീസ് കേസെടുത്തിരുന്നു. വിവിധ സ്ഥലങ്ങളിലെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ച് സ്‌കൂട്ടര്‍ മോഷ്ടാവിനെ കുറിച്ചുള്ള സൂചനകള്‍ പൊലീസ് കണ്ടെത്തിയിരുന്നു. കര്‍ണ്ണാടക രജിസ്‌ട്രേഷനിലുള്ള സ്‌കൂട്ടറിലാണ് മോഷ്ടാവ് എത്തിയത്. പ്രസ്തുത സ്‌കൂട്ടര്‍ എവിടെയെങ്കിലും നിര്‍ത്തിയിട്ട ശേഷമാണ് ഇയാള്‍ സ്‌കൂട്ടര്‍ മോഷ്ടിച്ചു കടത്തി കൊണ്ടു പോയത്. രണ്ട് സ്‌കൂട്ടറുകളും സമാനരീതിയിലാണ് മോഷ്ടിച്ചു കൊണ്ടു പോയത്. പിന്നീട് ബസിലെത്തി സ്വന്തം സ്‌കൂട്ടറുമായി പോവുകയായിരുന്നു ഇയാളുടെ രീതി. മോഷ്ടാവ് എത്തിയിരുന്ന സ്‌കൂട്ടറിന്റെ നമ്പര്‍ തിരിച്ചറിഞ്ഞ പൊലീസ് വേഷം മാറി നടത്തിയ അന്വേഷണത്തിലാണ് നാട്ടുകാരുടെ സഹായത്തോടെ തൂമിനാട് വച്ച് പ്രതിയെ പിടികൂടിയത്.








