കാസര്‍കോട്: ‘ഓപ്പറേഷന്‍ കളിക്കളം ‘എന്ന പേരില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ വിജിലന്‍സ് ഇന്നലെ (ബുധന്‍) നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് ഗുരുതരമായ ക്രമക്കേടുകള്‍. ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഉടന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അയക്കും. അതിന് ശേഷമായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക.
2025 സെപ്തംബര്‍ 29ന് ചെറുവത്തൂരില്‍ നടന്ന ജില്ലാ റവന്യു ആര്‍ച്ചറി (അമ്പെയ്ത്ത്) ചാമ്പ്യന്‍ഷിപ്പില്‍ യോഗ്യതാ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത രണ്ട് പേരെ സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിച്ചുവെന്നാണ് റെയ്ഡില്‍ കണ്ടെത്തിയ പ്രധാന ക്രമക്കേട്. ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കും അർഹത ഇല്ലാതെ സംസ്ഥാന ചാമ്പ്യൻ ഷിപ്പിൽ പങ്കെടുത്ത താരങ്ങളെ കുറിച്ചും വിശദമായ അന്വേഷണം ഉണ്ടാകുമെന്നാണ് സൂചന.
സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴിലുള്ള നീന്തല്‍ കുളത്തിന്റെ കരാറുകാരനുമായി ബന്ധപ്പെട്ട വിവിധ അക്കൗണ്ടുകളില്‍ നിന്ന് ഓഫീസിലെ താല്‍ക്കാലിക ജീവനക്കാരന്‍ പണം കൈപ്പറ്റിയെന്നും പരിശോധനയില്‍ കണ്ടെത്തി. താല്‍ക്കാലിക ഓഫീസ് അസിസ്റ്റന്റായിരുന്ന ആളാണ് ഗൂഗിള്‍ പേ വഴി 38,400 രൂപ കൈപ്പറ്റിയത്.
സംസ്ഥാനതലത്തില്‍ നടന്ന റെയ്ഡില്‍ മറ്റു ജില്ലകളിലും ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്.







