കണ്ണൂര്‍: മദ്യലഹരിയില്‍ കാറോടിച്ച് അപകടമുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ഗുരുതരമായ വീഴ്ച കണക്കിലെടുത്താണ് എസ്.ഐ രജിത്തിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. അഴീക്കല്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ എസ്.ഐയാണ് രജിത്ത്. സെപ്റ്റംബര്‍ 21-നാണ് ദേശീയപാതയില്‍ കണ്ണൂര്‍ കണ്ണോത്തുംചാല്‍ ഭാഗത്തുവെച്ച് നാടിനെ പേടിപ്പെടുത്തുന്ന സംഭവമുണ്ടായത്. രജിത്ത് അമിത വേഗതയില്‍ ഓടിച്ച കാറിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. ജോലി സ്ഥലത്തുനിന്ന് മടങ്ങുകയായിരുന്ന ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ത്ഥിനിയും പാര്‍ട് ടൈം ജീവനക്കാരിയുമായ സ്വാതി, ഒപ്പം രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ എന്നിവരെയാണ് കാര്‍ ഇടിച്ചുതെറിപ്പിച്ചത്. ആദ്യം തൊഴിലാളികളെ ഇടിച്ച കാര്‍ നിര്‍ത്താതെ പോകുകയും, തുടര്‍ന്ന് സ്വാതിയെയും ഇടിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവര്‍ പറയുന്നു. അപകടം ഉണ്ടാക്കിയിട്ടും വാഹനം നിര്‍ത്താതെ പോകാന്‍ ശ്രമിച്ച പ്രതിയെ സമീപത്തെ നാട്ടുകാരും വ്യാപാരികളുമാണ് ഓടിച്ചിട്ട് പിടികൂടിയത്. വാഹനം തടഞ്ഞുനിര്‍ത്തിയപ്പോള്‍ എസ്.ഐ രജിത്ത് നടക്കാന്‍ പോലും കഴിയാത്തത്ര മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാര്‍ എസ്‌ഐയെ തടയുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവം വിവാദമായതിന് പിന്നാലെയാണ് സസ്‌പെന്റുചെയ്തതായി ഉത്തരവെത്തിയത്. ഇയാള്‍ക്കെതിരെ സമാനമായ രീതിയില്‍ മുന്‍പും മദ്യപിച്ച് വാഹനമോടിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.








