മംഗളൂരു: ഭാര്യയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചതിന് പിന്നാലെ കാണാതായ ഭര്‍ത്താവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ബല്‍ത്തങ്ങാടി ഷിശില ഗുണ്ടിക്കാട് സ്വദേശി താനിയപ്പ ഗൗഡയാണ് മരിച്ചത്. ഇയാളുടെ ഭാര്യ ചിന്നമ്മയെ ദിവസങ്ങള്‍ക്ക് മുമ്പ് വീടിന് സമീപത്തെ കൃഷിയിടത്തിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സഹോദരന്‍ ഗംഗാധര ഗൗഡ ചിന്നമ്മയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ധര്‍മ്മസ്ഥല പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതുപ്രകാരം പൊലീസ് അന്വേഷണം നടക്കവേയാണ് താനയപ്പ ഗൗഡയെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും അന്വേഷിച്ചു വരുന്നതിനിടെയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. ദമ്പതികളുടെ മരണം സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.








