കാസര്‍കോട്: നീലേശ്വരം തേജസ്വനി ആശുപത്രിയില്‍ ആക്രമണം നടത്തിയ കേസിലെ മുഖ്യപ്രതി ബംഗളൂരുവില്‍ പിടിയില്‍. നീലേശ്വരം പേരോലിലെ സി സുധീഷിനെയാണ് നീലേശ്വരം എസ്.എച്ച്.ഒ. സാബുവിന്റെ നിര്‍ദ്ദേശപ്രകാരം എസ്‌ഐ സി സുമേഷ് ബാബുവിന്റെ നേതൃത്വത്തില്‍ ബംഗളൂരുവില്‍ വച്ച് പിടികൂടിയത്. കഴിഞ്ഞ മാസം ഓണ ദിവസം രാത്രിയിലാണ് ആശുപത്രിയില്‍ അക്രമം നടന്നത്. മദ്യപിച്ചെത്തിയ ഒരു സംഘം ആളുകള്‍ ആശുപത്രിയില്‍ എത്തി ആക്രമണം നടത്തുകയായിരുന്നു. ആശുപത്രിയിലെ വീല്‍ചെയറും ലൈറ്റുകളും തകര്‍ത്തിരുന്നു. രോഗിയെ പെട്ടെന്ന് പരിശോധിച്ചില്ലെന്നാരോപിച്ചാണ് ആക്രമണം നടന്നത്. 32,000 രൂപയുടെ നാശ നഷ്ടം ആശുപത്രിയില്‍ വരുത്തിയിരുന്നു. കേസിലെ മറ്റ് പ്രതികളായ നവനീത്, ശരത് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സുധീഷ് ഇതിന് മുന്‍പ് നിരവധി കേസുകളില്‍ പ്രതി ആയിരുന്നു. കാപ്പ ചുമത്തി നാട് കടത്തിരുന്നു.







