കാസര്‍കോട്: ജോലിക്കിടയില്‍ ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ചികിത്സയ്ക്കായി പണം കണ്ടെത്തുന്നതിനു പരപ്പ- കാഞ്ഞങ്ങാട് റൂട്ടിലോടുന്ന സ്വകാര്യ ബസായ തമ്പുരാട്ടി ബസ് കാരുണ്യ യാത്ര തുടങ്ങി. യാത്ര ഇന്ന് (ചൊവ്വ) രാവിലെ നീലേശ്വരം ബസ് സ്റ്റാന്റില്‍ കാഞ്ഞങ്ങാട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രദീപ് കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.
മറ്റൊരു സ്വകാര്യ ബസ് ജീവനക്കാരനായ കാട്ടിപ്പൊയില്‍, പള്ളത്തെ രാജേഷിന്റെ ചികിത്സയ്ക്കായാണ് തമ്പുരാട്ടി ബസ് കാരുണ്യ യാത്ര നടത്തുന്നത്. മടിക്കൈ സ്വദേശിയായ വേണുവിന്റെ ഉടമസ്ഥതയിലുള്ള ബസിന്റെ ഏഴാമത് കാരുണ്യ യാത്രയാണ് ഇന്നത്തേത്. കാരുണ്യ യാത്രയുമായി നല്ല രീതിയില്‍ സഹകരിച്ച് രാജേഷിന്റെ ജീവന്‍ തിരിച്ചുപിടിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് കാരുണ്യ യാത്ര നടത്തുന്ന ബസിലെ തൊഴിലാളികള്‍ അഭ്യര്‍ത്ഥിച്ചു.







