പാലക്കാട്:∙ പിട്ടുപ്പീടികയിൽ ഭാര്യയെ ഭർത്താവ് കഴുത്തുഞെരിച്ചു കൊന്നു. എത്തന്നൂർ പിട്ടുപ്പീടിക തെക്കേവീട്ടിൽ മണികണ്ഠന്റെ ഭാര്യ അനുപ്രിയ(31) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയോടെ പിട്ടുപ്പീടികയിലെ വാടക വീട്ടിൽവച്ചാണ് സംഭവം. കൊലയ്ക്ക് ശേഷം വീട്ടിൽ തന്നെ ഇരുന്ന മണികണ്ഠനെ പുതനഗരം പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്നത്തെ ചൊല്ലി ദിവസങ്ങളായി ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു. വഴക്കു രൂക്ഷമായതിനെ തുടർന്നു മണികണ്ഠൻ ഷാൾ ഉപയോഗിച്ചു അനുപ്രിയയുടെ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ഭാര്യ കൊല്ലപ്പെട്ട വിവരം പൊലീസിനെയും ബന്ധുക്കളെയും അറിയിച്ചത് മണികണ്ഠൻ തന്നെയായിരുന്നു. ബന്ധുക്കൾ എത്തി അനുപ്രിയയെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലാണ്. ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കും. ചിറ്റൂർ സിഐ സജിൻ ശശിക്കാണ് അന്വേഷണ ചുമതല. ചിറ്റൂർ അഞ്ചാംമൈൽ കിഴക്കെ കുപ്പയ്യൻ ചള്ളയിൽ അപ്പുക്കുട്ടന്റെയും ഓമനയുടെയും മകളാണ്. മക്കൾ: അനാമിക, ആത്മിക. സഹോദരൻ: അനിൽകുമാർ.








